കോഴിക്കോട്: കുത്താളി ഗ്രാമത്തിന് തീരാവേദനയുടെ ദിനമായിരുന്നു ഇന്ന്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച ഇരട്ടകളായ കണ്‍മണികളെ ഒരു നോക്ക് കാണാനാവാതെ, താലോലിക്കാനാവാതെ പ്രസവ ശേഷം ഹൃദയ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ശ്രുതി ടീച്ചര്‍ യാത്രയായി.  ഡോക്ടര്‍മാരുടെ പരിശ്രമങ്ങള്‍ക്കും ഉറ്റവരുടെ പ്രാര്‍ത്ഥനകള്‍ക്കും ശ്രുതിയെ തിരിച്ച് കൊണ്ടുവരാനായില്ല. പ്രിയ അധ്യാപിക ശ്രുതി പ്രസൂണിന്‍റെ വിയോഗത്തില്‍ കണ്ണീരണിയുകയാണ് വിദ്യാർത്ഥികളും നാട്ടുകാരും.

കഴിഞ്ഞ ദിവസമാണ്  കൂത്താളിയിലെ റിട്ട. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കല്ലാട്ട് മീത്തല്‍ ഒ.സി. നാരായണന്‍ നായരുടെ മകളും പേരാമ്പ്ര സില്‍വര്‍ കോളെജ് അധ്യാപികയുമായിരുന്നു ശ്രുതി പ്രസൂണ്‍ (33) മരണപ്പെടുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച ഇരട്ട കണ്‍മണികളെ മാറോടണക്കാൻ ഒരുങ്ങവെയായിരുന്നു ദുരോഗ്യം. ഇരട്ട കുട്ടികളെ പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡിസ്ചാർജ് ചെയ്ത് മടങ്ങാനിരിക്കെയാണ് ശ്രുതി ടീച്ചർ കുഴഞ്ഞ് വീഴുന്നത്. തുടർന്ന് മൂന്ന് ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇരട്ടക്കുട്ടികളെ ഒന്ന് ലാളിക്കാൻ പോലും കഴിയാതെ യാത്രയായത്.

ഏവര്‍ക്കും പ്രിയങ്കരിയായ ശ്രുതി ടീച്ചറെ  കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ  ആത്മമിത്രങ്ങൾക്ക് പോലും അവസാനമായി ഒരു നോക്ക് കാണാനായിട്ടില്ല. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി ഉറ്റവരുടെയും ഉടയവരുടെയും പ്രാര്‍ത്ഥനകളെ വിഫലമാക്കി  ശ്രുതി ടീച്ചര്‍ യാത്രയായപ്പോൾ മുതൽ പേരാമ്പ്ര കൂത്താളി ഗ്രാമം വിതുമ്പകയാണ്.

തങ്ങളുടെ അധ്യാപിക ശ്രുതി പ്രസൂണിന്റെ നിര്യാണത്തിൽ പേരാമ്പ്ര സിൽവർ കോളേജ് ഗവേണിങ്ങ് ബോഡി പ്രതിനിധികളും സ്റ്റാഫ് യൂണിയനും സംയുക്തമായി അനുശോചനം രേഖപ്പെടുത്തി. സഹപ്രവർത്തകരെല്ലാം ശ്രുതി ടീച്ചറുടെ ദീപ്ത സ്മരണയിൽ വിതുമ്പി. പ്രൻസിപ്പൽ വി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. യോഗത്തിൽ ചെയർമാൻ എ.കെ. തറുവയി ഹാജി, സെക്രട്ടറി പി.ടി. അബ്ദുൾ അസീസ്, വി.എസ് രമണൻ, ടി. ഷിജുകുമാർ, ജി. ജയരാജൻ, ശരണ്യ ദേവൻ, കെ.ടി. ബിനീഷ്, അമൽ ജോർജ്, ടോം തോമസ്,
ഒ.വി. നിത, അബ്ദുൾ മാലിക്, പി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.