പൂരത്തിന് മുന്നോടിയായുള്ള ഭക്ഷ്യ സുരക്ഷാ റെയ്ഡിലാണ് തൃശൂര്‍ നഗരത്തിലെ 6 പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തിയത്

തൃശൂർ: ജില്ലയിലെ ആറ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. തൃശൂർ പൂരത്തിന് മുന്നോടിയായുള്ള ഭക്ഷ്യ സുരക്ഷാ റെയ്ഡിലാണ് തൃശൂര്‍ നഗരത്തിലെ 6 പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തിയത്. സീഫോര്‍ട്ട്, ഒറോട്ടി, ചുരുട്ടി, സെന്‍റ് തോമസ് കോളജ് റോഡിലെ കുക്ക് ഡോര്‍, കെ.എസ്.ആര്‍.ടി. ബസ് സ്റ്റാന്‍ഡ് പരിസരത്തെ അലിയ, അരമന എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. ഇതിൽ കുക്ക് ഡോര്‍, അലിയ, അരമന, സീഫോര്‍ട്ട് എന്നീ ഹോട്ടലുകളില്‍ നിന്ന് നേരത്തെയും പഴകിയ ഭക്ഷണം പിടികൂടിയിട്ടുണ്ട്. 

ഇനി ഒരിക്കല്‍ കൂടി പഴകിയ ഭക്ഷണം പിടിച്ചാല്‍ ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് നഗരസഭാ അധികൃതർ വിശദമാക്കിയത്. പിന്നീട് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. പഴകിയ ഭക്ഷണം പിടിച്ചാല്‍ പതിനായിരം മുതല്‍ ഇരുപത്തിയ്യായിരം രൂപ വരെയാണ് സാധാരണ ഗതിയിൽ ഹോട്ടലിൽ നിന്ന് ഈടാക്കുന്ന പിഴ. വേവിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ ഫ്രിജില്‍ സൂക്ഷിക്കരുതെന്നാണ് ചട്ടമെന്നിരിക്കെ നിലവിൽ പിടിച്ചതില്‍ അധികവും അല്‍ഫാം ചിക്കനും പൊറോട്ടയും പൊറോട്ട മാവുമാണ്. ഇനിയും കര്‍ശന പരിശോധന തുടരുമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് മാധ്യമങ്ങളോട് വിശദമാക്കിയത്. 

അതേസമയം തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മെയ് ആറിന് തൃശൂര്‍ താലൂക്ക് പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍ താലൂക്ക് പരിധിയിൽ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും (ജീവനക്കാര്‍ ഉള്‍പ്പെടെ) ആണ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചത്. മുന്‍ നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം