കടയുടമയുടെ പരാതിയെത്തുടർന്ന് സമീപത്തെ വീട്ടിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് മോനിച്ചനെ വീട്ടിൽ നിന്നാണ് പിടികൂടിയത്
തിരുവനന്തപുരം: അരുവിക്കരയ്ക്കു സമീപം കട കുത്തിത്തുറന്ന് മോഷണം നടത്തിയയാളെ അരുവിക്കര പൊലീസ് അറസ്റ്റുചെയ്തു. വെമ്പന്നൂർ അയണിക്കോണം കട്ടച്ചാൽ ചിറയിൽ മോനിച്ചനെ(40)യാണ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാത്രി 12.45-നാണ് ഇയാൾ വെമ്പന്നൂർ വിനായക സ്റ്റോർ കുത്തിത്തുറന്ന് മോഷണം നടത്തിയത്. കടയ്ക്കുള്ളിൽ നിന്ന് 5,000 രൂപയും 25 പായ്ക്കറ്റ് സിഗററ്റും ഇയാൾ മോഷ്ടിച്ചു. കടയുടമയുടെ പരാതിയെത്തുടർന്ന് സമീപത്തെ വീട്ടിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് മോനിച്ചനെ വീട്ടിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറ്റൊരു സംഭവത്തിൽ ക്ഷേത്രത്തില്‍നിന്നും തിരുവാഭരണങ്ങള്‍ മോഷ്ടിച്ച് പണയംവച്ച കേസില്‍ ക്ഷേത്രം ശാന്തിക്കാരന്‍ അറസ്റ്റിലായി. മുരിങ്ങൂര്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ ശ്രീകോവില്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനായി സൂക്ഷിച്ചിരുന്ന 2.7 പവന്‍ തൂക്കം വരുന്ന തിരുവാഭരണം ക്ഷേത്രത്തില്‍നിന്നും മോഷ്ടിച്ച് പണയം വച്ച കേസിലാണ് അറസ്റ്റ്. ക്ഷേത്രം ശാന്തികാരനും കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ തേനായി വീട്ടില്‍ അശ്വന്ത് (34)ആണ് അറസ്റ്റിലായത്. ക്ഷേത്രം പ്രസിഡന്റ് മുരിങ്ങൂര്‍ ഉപ്പത്ത് വീട്ടില്‍ രാജീവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. 2020 ഫെബ്രുവരി രണ്ടിനാണ് അശ്വന്ത് ശാന്തിക്കാരാനായി ജോലിയ്ക്ക് കയറിയത്. സ്വര്‍ണാഭരണങ്ങളുടേയും വെള്ളിപാത്രങ്ങളുടേയും ചുമതല ശാന്തിക്കാണ് ക്ഷേത്രഭാരവാഹികള്‍ നല്കിയത്.
അശ്വന്ത് ജോലിക്ക് കയറിയത് 2020ൽ
സ്വര്‍ണാഭരണങ്ങള്‍ അവിടെയില്ലെന്ന സംശയം വന്നതോടെ ശാന്തിയോട് തിരുവാഭരണങ്ങള്‍ കാണിച്ചുതരാന്‍ ചില കമ്മിറ്റിയംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുഴുവന്‍ ഭാരവാഹികളും വന്നാലേ ഇവ കാണിക്കൂവെന്ന നിലപാട് ശാന്തി സ്വീകരിച്ചു. ഇതുപ്രകാരം 28ന് രാവിലെ ഒമ്പതോടെ മുഴുവന്‍ ഭാരവാഹികളും ക്ഷേത്രത്തിലെത്തി. ഇതോടെയാണ് കള്ളത്തരം പൊളിഞ്ഞത്.


