ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചാല്‍ വന്‍ അപകടം ഉണ്ടാകുമെന്ന് മനസിലാക്കിയ ഷാജി തീ പടരുന്നത് വകവയ്ക്കാതെ ലോറിയില്‍ ചാടിക്കയറി.
കോഴിക്കോട്: കോടഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച വൈക്കോൽ ലോറി സ്കൂള്‍ മൈതാനത്തേക്ക് സാഹസികമായി ഓടിച്ചു കയറ്റിയ യുവാവിന്റെ ഇടപെടലിൽ വൻ അപകടം ഒഴിവായി. വയനാട്ടിൽ നിന്ന് വൈക്കോൽ കയറ്റി വന്ന വാഹനത്തിന് ഉച്ചയ്ക്ക് 12. 45 ഓടെയാണ് കോടഞ്ചേരി ടൗണിൽ വെച്ച് തീപിടിച്ചത്.
വൈദ്യുതി ലൈനിൽ നിന്ന് തീപടർന്നതാണെന്നാണ് പ്രാഥമിക നിഗമനം. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ലോറി ഡ്രൈവറും സഹായിയും വാഹനത്തിൽ നിന്നിറങ്ങി വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശമം തുടങ്ങി. പിന്നാലെ നാട്ടുകാരും കോടഞ്ചേരി സ്റ്റേഷനില്‍ നിന്ന് പൊലീസുകാരുമെത്തി. ഇതിനിടെയാണ് സാധനം വാങ്ങാനെത്തിയ പ്രദേശവാസിയായ ഷാജി വൈക്കോൽ കത്തുന്നത് കണ്ടത്.
ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചാല്‍ വന്‍ അപകടം ഉണ്ടാകുമെന്ന് മനസിലാക്കിയ ഷാജി തീ പടരുന്നത് വകവയ്ക്കാതെ ലോറിയില്‍ ചാടിക്കയറി. ലോറിയുമായി തൊട്ടടുത്ത സ്കൂള്‍ ഗ്രൗണ്ടിലേക്ക് നീങ്ങി. ലോറി വളച്ചും തിരിച്ചും ഓടിച്ചതോടെ തീപടര്‍ന്ന വൈക്കോല്‍ കെട്ടുകളിലേറെയും താഴെ വീണു. പിന്നാലെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു. കോടഞ്ചേരിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഷാജിക്ക് നേരത്തെ ലോറി ഡ്രൈവറായി ജോലി ചെയ്ത അനുഭവമാണ് അപകട ഘട്ടത്തില്‍ നേട്ടമായത്.
