ഇടുക്കി: ജില്ലയില്‍ സ്‌ട്രോബറി കൃഷി വ്യാപിപ്പിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍. മൂന്നാറില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌ട്രോബറി പാര്‍ക്കിന്റെ ഉദ്ഘാടനവും പാര്‍ക്കിനോടനുബന്ധിച്ച്   കൃഷി ചെയ്തിട്ടുള്ള സ്‌ട്രോബറിയുടെ വിളവെടുപ്പ് കര്‍മ്മവും നിര്‍വ്വഹിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി.  

മൂന്നാറിലെ കാലാവസ്ഥ സ്‌ട്രോബറിക്ക് കൃഷിക്ക് അനിയോജ്യമാണ്. 100 ഹെടക്ടറില്‍ കൃഷി വ്യാപിപ്പിക്കും. ജില്ലയില്‍ സട്രോബറിയുടെ മാതൃകാ തോട്ടങ്ങള്‍ ഒരുക്കാന്‍ നടപടി സ്വീകരിക്കും.  ഹോര്‍ട്ടികോര്‍പ്പിന്റെ സഹായത്തോടെ വിഷരഹിതമായ സ്‌ട്രോബറിയുടെ ഉല്‍പാദനവും വിതരണവും നടത്താന്‍ സാധിക്കും. പ്ലാന്റേഷന്‍ മേഖലകള്‍ കേന്ദ്രീകരിച്ച്  പഴങ്ങള്‍ കൂടുതലായി ഉല്‍പാദിപ്പിക്കാന്‍ പദ്ധതിയൊരുക്കും. പ്രളയത്തിനുശേഷമുള്ള കാര്‍ഷിക മേഖല കരകയറി വരികയാണ്. പച്ചക്കറി ഉല്‍പ്പാദനത്തിലടക്കം സംസ്ഥാനത്തിന് അധികം വൈകാതെ സ്വയം പര്യാപ്തത കൈവരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

മൂന്നാര്‍, വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന മൂന്നാറിലെ ഹോര്‍ട്ടി കോര്‍പ്പിന്റെ സംസ്‌കരണ കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് എത്തിക്കാനുള്ള അവസരവും ഇനി മുതല്‍ ഒരുങ്ങുകയാണ്. സ്‌ട്രോബറി പഴം, ജാം, സ്‌ക്വാഷ് തുടങ്ങിയ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക്  ഗുണമേന്‍മയോടെ ലഭ്യമാക്കുന്നതിനും പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കും. പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് വിവിധ നിര്‍ദ്ദേശം നല്‍കി. സ്‌ട്രോബറിയുടെ വിവരങ്ങള്‍  അറിയുന്നതിന്  ആരംഭിച്ചിട്ടുള്ള വെബ്‌സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, യുഎന്‍ഡിപി, ഹരിത കേരള മിഷന്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ വിനയന്‍ ജി,മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പുസാമി, ദേവികുളം സബ്കളക്ടര്‍ പ്രേംകൃഷ്ണന്‍, കൃഷി അസി. ഡയറക്ടര്‍ ഷീല പണിക്കര്‍,വിവിധ വകുപ്പ്  ഉദ്യോഗസ്ഥര്‍,ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അതേസമയം ഈ വര്‍ഷം മുതല്‍ 2021 വിഷു വരെയുള്ള 470 ദിവസം സംസ്ഥാനത്ത്  വിഷ വിമുക്ത പച്ചക്കറിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ജീവനി പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. അടുക്കളത്തോട്ടങ്ങളും കൂടുതല്‍ കൃഷിയിടങ്ങളും ഒരുക്കുകയാണ് ലക്ഷ്യം കൂടുതല്‍ ശാസ്ത്രീയമായി നടപ്പിലാക്കുന്ന കൃഷി രീതിയിലൂടെ കര്‍ഷകന് മികച്ച വരുമാനം ലഭിക്കും. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ആശയം മുന്‍ നിര്‍ത്തിയാണ് പദ്ധതി നടപ്പിലാക്കുക. പ്രളയത്തെ അതിജീവിച്ച് മുന്നേറുന്ന സംസ്ഥാനത്തിന്  പച്ചക്കറി ഉല്‍പാദനത്തില്‍ അധികം വൈകാതെ സ്വയം  പര്യാപ്തത കൈവരിക്കാന്‍ സാധിക്കുമെന്നും  മന്ത്രി വ്യക്തമാക്കി.