നാദാപുരത്ത് രണ്ട് വിദ്യാർത്ഥിനികൾക്ക് നേരെ തെരുവ് നായകൾ ആക്രമണം നടത്തി. 

കോഴിക്കോട്: ആക്രമിക്കാനെത്തിയ തെരുവ് നായകളില്‍ നിന്ന് വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നാദാപുരത്ത് കഴിഞ്ഞ ദിവസം നടന്ന നടുക്കുന്ന സംഭവം സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പുറംലോകമറിഞ്ഞത്. രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് നായകള്‍ കുതിച്ചെത്തിയത്. ഇതില്‍ ഒരു കുട്ടി രക്ഷപ്പെട്ടെങ്കിലും രണ്ടാമത്തെ കുട്ടിയെ നായകള്‍ വിടാതെ പിന്തുടര്‍ന്നു.

എന്നാല്‍ ധൈര്യം സംഭരിച്ച കുട്ടി തന്റെ കൈയ്യിലുണ്ടായിരുന്ന ബാഗും കുടയും നായകള്‍ക്ക് നേരെ വലിച്ചെറിയുകയായിരുന്നു. ഇതോടെ നായകള്‍ പിന്തിരിയുകയും വിദ്യാര്‍ത്ഥിനി കടിയേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. ഇരുവരും പഠിക്കുന്ന സ്‌കൂളിന് മുന്‍പില്‍ വച്ചുതന്നെയാണ് തെരുവ് നായ ആക്രമണമുണ്ടായത്. നാദാപുരം ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

തെരുവുനായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സ്കൂളിൽ നിന്ന് കിട്ടിയ പരിശീലനത്തിന്റെ ഭാഗമായാണ് കുടയും ബാഗും വലിച്ചെറിഞ്ഞതെന്ന് കുട്ടി പറഞ്ഞു. തെരുവുനായ ആക്രമിക്കാൻ വന്നാൽ അവരുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ കയ്യിലുള്ള എന്തെങ്കിലും പട്ടിക്ക് നേരെ അല്ലാതെ എറിയാൻ പരിശീലനത്തിന്റെ ഭാഗമായി കുട്ടിയോട് പറഞ്ഞിരുന്നു. ഇതാണ് തന്നെ രക്ഷിച്ചതെന്ന് കുട്ടി പറഞ്ഞു.

View post on Instagram