Asianet News MalayalamAsianet News Malayalam

വീണ്ടും തെരുവുനായയുടെ ആക്രമണം; തിരൂരിൽ കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്ക്

തെരുവ് നായകളുടെ ആക്രമണം പതിവാവുകയാണ് സംസ്ഥാനത്ത്. ഇന്നലെ മലപ്പുറത്ത് ഈ വിഷയത്തിൽ ജനങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു

Stray dog bites 5 including children at Tirur
Author
First Published Nov 24, 2022, 2:28 PM IST

മലപ്പുറം: തിരൂർ പുല്ലൂരിൽ 5 പേരെ തെരുവ് നായ കടിച്ചു. രണ്ട് കുട്ടികൾക്കും, മൂന്ന് മുതിർന്നവർക്കുമാണ് കടിയേറ്റത്. മുഖത്തും, കാലിലുമായാണ് എല്ലാവർക്കും പരിക്കേറ്റത്. എല്ലാവരെയും തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.

തെരുവ് നായകളുടെ ആക്രമണം പതിവാവുകയാണ് സംസ്ഥാനത്ത്. ഇന്നലെ മലപ്പുറത്ത് ഈ വിഷയത്തിൽ ജനങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തെരുവ് നായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നായയുടെ ആക്രമണത്തിന് ഇരയായ കുട്ടിയുടെ പിതാവും ബന്ധുക്കളുമടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം നടന്നത്.

താനാളൂരിനടുത്ത് വട്ടത്താണി കുന്നത്തുപറമ്പിൽ റഷീദിൻ്റെ മകൻ  മുഹമ്മദ് റിസ്വാന് കുറച്ച് ദിവസം മുൻപ് തെരുവ് നായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരമാകെ മുറിവേറ്റ്  ബോധരഹിതനായ അവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തലയുടെ ഒരു ഭാഗവും മുതുകും നായ്ക്കൾ കടിച്ചുകീറി. ആദ്യം തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയയാിരുന്നു.

ഉച്ചയോടെ വീടിന് പുറത്തേക്ക് ഒറ്റയ്ക്ക് ഇറങ്ങിയ കുട്ടിയെ ആറ് നായകൾ ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കുട്ടിയെ കാണാതാത്തിനെ തുടർന്ന് വീട്ടുകാർ മുറ്റത്ത് ഇറങ്ങി പരിശോധിച്ചപ്പോൾ ആണ് കുട്ടി ബോധരഹിതനായി കിടക്കുന്നത് കണ്ടത്. തലയുടെ പിൻഭാഗത്തും മുതുകിലും കടിച്ചു പറിച്ചെടുത്ത നിലയിലായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവും പിതൃസഹോദരനും ചേർന്ന് നായകളെ തുരത്തിയോടിച്ച ശേഷം കുട്ടിയെ തിരൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതിമാരകമായി പരിക്കേറ്റ കുട്ടിക്ക് കരയാനോ നിലവിളിക്കാനോ പറ്റുന്നുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് തിരൂരിൽ വീണ്ടും തെരുവുനായയുടെ കടിയേറ്റ് അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios