മണ്ണഞ്ചേരി: അപകടത്തില്‍പ്പെട്ട ബെക്ക് യാത്രികന് രക്ഷകനായത് കുട്ടന്‍ എന്ന തെരുവ് നായ.   ആലപ്പുഴയിലെ മണ്ണഞ്ചേരി കാവുങ്കലിലായിരുന്നു സംഭവം. വൈക്കം വെച്ചൂര്‍ സ്വദേശി ജോണി (48)നെയാണ് അപകടത്തില്‍ നിന്ന് നാട്ടുകാര്‍ കുട്ടന്‍ എന്നു വിളിയ്ക്കുന്ന തെരുവു നായ രക്ഷപ്പെടുത്തിയത്. ആലപ്പുഴയില്‍ നിന്നും വെച്ചൂരേക്ക് പോകവെ കാവുങ്കലില്‍ ബൈക്ക് മറിഞ്ഞ് ജോണ്‍ കുളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടന്‍ എന്ന തെരുവുനായ കുളത്തിന് സമീപം നിന്ന് കുരയ്ക്കുന്നത് പ്രഭാത സവാരിക്കിറങ്ങിയ തേനാംപുറത്ത് അനീഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. മൊബൈല്‍ ഫോണിലെ ടോര്‍ച്ച് ഉപയോഗിച്ച് നോക്കിയപ്പോഴാണ് വെള്ളത്തില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ ആളെ കണ്ടത്. ഇതുവഴി വന്ന അയല്‍വാസി ശ്യാംകുമാറിനെയും കൂട്ടി കുളത്തിലിറങ്ങി ജോണിനെ കുളത്തില്‍ നിന്ന് പുറത്തെത്തിക്കുകയായിരുന്നു.

അബോധാവസ്ഥയിലായിരുന്ന ഇയാളെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂജല വകുപ്പ് ജീവനക്കാരനായ ജോണ്‍ ആലപ്പുഴയില്‍ നിന്ന് വെച്ചൂരിലെ വീട്ടിലേക്ക് പോകുമ്പോള്‍ റോഡിന്റെ വശത്തെ കമ്പിയില്‍ ബൈക്ക് തട്ടി കുളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബൈക്ക് കമ്പിയില്‍ തട്ടി നിന്നു. തലയ്ക്കും ശരീരത്തിലും സാരമായി പരുക്കേറ്റ ജോണിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ച രാത്രിയില്‍  ആലപ്പുഴ നഗരത്തിലെ   കാണയില്‍ സ്‌കൂട്ടറില്‍ നിന്ന് മറിഞ്ഞുവീണ യുവാവ് ആരുടേയും ശ്രദ്ധയില്‍പ്പെടാതിരുന്നതിനെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.