ജില്ലയിലെ തെരുവുനായ പ്രശ്നത്തിന് ഇത് പരിഹാരമാവില്ല എന്ന് തിരിച്ചറിഞ്ഞതാണ് എബിസി സെന്ററുകൾ വിപുലപ്പെടുത്താനുള്ള തീരുമാനം.
കൊച്ചി: രൂക്ഷമായ തെരുവുനായ ശല്യം നേരിടാൻ എറണാകുളം ജില്ലയിൽ കൂടുതൽ എബിസി സെന്ററുകൾ തയ്യാറാകുന്നു. ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ചാണ് ഏഴ് വന്ധ്യകരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. കൊച്ചി കോർപ്പറേഷന് കീഴിൽ ബ്രഹ്മപുരത്ത് പ്രവർത്തിക്കുന്ന എബിസി സെന്റർ മാത്രമാണ് ജില്ലയിൽ ഇപ്പോൾ ഉള്ളത്. ഒരു ദിവസം 10 ലേറെ നായ്ക്കളെയാണ് ഇവിടെ വന്ധ്യംകരിക്കുന്നത്.
ജില്ലയിലെ തെരുവുനായ പ്രശ്നത്തിന് ഇത് പരിഹാരമാവില്ല എന്ന് തിരിച്ചറിഞ്ഞതാണ് എബിസി സെന്ററുകൾ വിപുലപ്പെടുത്താനുള്ള തീരുമാനം. മുളന്തുരുത്തി, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തുകളും പിറവം കൂത്താട്ടുകുളം മുൻസിപ്പാലിറ്റികളും സഹകരിച്ചുള്ള എബിസി സെന്റർ കഴിഞ്ഞ ദിവസം മുളന്തുരുത്തിയിൽ പ്രവർത്തനം തുടങ്ങി. നിർമ്മാണ ചെലവും നടത്തിപ്പ് ചെലവും തദ്ദേശ സ്ഥാപനങ്ങൾ ആണ് വഹിക്കുക.
ഇതുപോലെ അഞ്ച് സെന്ററുകൾ കൂടി ജില്ലയിൽ വൈകാതെ സ്ഥാപിക്കും. ഒപ്പം ബ്രഹ്മപുരത്തെ എബിസി സെന്റർ ഇടപ്പള്ളി, പള്ളുരുത്തി ബ്ലോക്ക് ഞ്ചായത്തുകളെയും തൃക്കാക്കര കളമശ്ശേരി മുൻസിപ്പാലിറ്റികളെയും ഉൾപ്പെടുത്തി പൂർണ്ണ തോതിൽ പ്രവർത്തനക്ഷമമാക്കും. ഇതോടെ തെരുവ് നായ ശല്യം ഒരു പരിധി വരെ നിയന്ത്രിക്കാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
വിപുലമായ സൗകര്യങ്ങളോടെ ജില്ലയിൽ ഡോഗ് ഷെൽട്ടർ കറുകുറ്റിയിൽ സ്ഥാപിക്കാനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. അതേസമയം, തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് ഇന്നലെ പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. ചത്ത നായയുടെ ശരീര ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടി ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവു നായ ആക്രമിക്കുകയായിരുന്നു. കഴുത്തിലും കണ്ണിലും ചുണ്ടിലും കടിയേറ്റ് ഗുരുതര പരിക്കോടെയാണ് കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ചികിത്സ തുടരുന്നതിനിടെയാണ് കടിച്ച നായക്ക് പേവിഷ ബാധയുണ്ടെന്ന സ്ഥിരീകരണം വന്നത്.

