വയലാറില്‍ കൂട്ടിത്തോടെയെത്തിയ തെരുവുനായകള്‍ കൂട്ടിലിട്ടിരുന്ന മൂന്ന് ആടുകളെ കടിച്ചുകൊന്നു
ചേര്‍ത്തല: വയലാറില്‍ കൂട്ടിത്തോടെയെത്തിയ തെരുവുനായകള്‍ കൂട്ടിലിട്ടിരുന്ന മൂന്ന് ആടുകളെ കടിച്ചുകൊന്നു.വയലാര്‍ ഗ്രാമപഞ്ചായത്ത് ഏഴാംവാര്‍ഡില്‍ നെസ്റ്റില്‍ ഷണ്മുഖന്റെ ആടുകളെയാണ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ നായകള്‍ അക്രമിച്ചത്. ബഹളം കേട്ടുണര്‍ന്ന ഷണ്മുഖനും കുടുംബാംഗങ്ങളും ഉണര്‍ന്ന് ആടുകളെ രക്ഷിക്കാന്‍ നോക്കിയെങ്കിലും നായകള്‍ ഇവര്‍ക്കുനേരേയും തിരിഞ്ഞു.
ഒടുവില്‍ വടിയെടുത്ത് പ്രതിരോധിച്ചപ്പോഴാണ് പട്ടികള്‍ പിന്തിരഞ്ഞത്. മലബാറി ഇനത്തില്‍ പെട്ട ആട്ടിന്‍കുട്ടികളാണ് ചത്തത്. വര്‍ഷങ്ങളായി ആടുവളര്‍ത്തുന്നയാളാണ് ഷണ്മുഖന്‍, കഴിഞ്ഞ ദിവസം മൂന്ന് ആടുകളെ വളര്‍ത്തുവാനായി വിറ്റിരുന്നു. ഇതിനൊപ്പം മലബാറി ഇനത്തിലെ ആടുകളെയും വിൽക്കുവാങ്ങാന്‍ ആളുകളെത്തിയെങ്കിലും ആടുകളോടുള്ള ഇഷ്ടംകൊണ്ട് വീട്ടില്‍ നിര്‍ത്തുകയായിരുന്നെന്ന് കണ്ണീരണിഞ്ഞ് ഷണ്മുഖന്‍ പറഞ്ഞു. പ്രദേശത്ത് തെരുവനായകളുടെ ശല്യം ജനജീവിതത്തിനു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
