ആക്രമിക്കാൻ പാഞ്ഞടുത്ത് തെരുവ് നായകൾ, തലനാരിഴക്ക് രക്ഷപ്പെട്ട് വിദ്യാർഥി. തെരുവ് നായകൾ സംഘം ചേർന്ന് ആക്രമിക്കാൻ ഓടിയടുക്കുന്നതിന്റെ സി സി ടി വി ക്യാമറാ ദൃശ്യങ്ങളും പുറത്ത് വന്നു.
തൃത്താല: ആക്രമിക്കാൻ പാഞ്ഞടുത്ത് തെരുവ് നായകൾ, തലനാരിഴക്ക് രക്ഷപ്പെട്ട് വിദ്യാർഥി. തെരുവ് നായകൾ സംഘം ചേർന്ന് ആക്രമിക്കാൻ ഓടിയടുക്കുന്നതിന്റെ സി സി ടി വി ക്യാമറാ ദൃശ്യങ്ങളും പുറത്ത് വന്നു. കപ്പൂർ പഞ്ചായത്തിലെ എഞ്ചിനീയർ റോഡിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തെരുവ് നായകൾ കൂട്ടത്തോടെ അക്രമിക്കാൻ ഓടിയെത്തിയതോടെ വിദ്യാർഥി പ്രാണരക്ഷാർഥം സമീപത്തെ വർക്ക് ഷോപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. തലനാരിഴക്കാണ് കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടത്.
കടയിൽ നിന്നും കസേരയുമായി ഒരാൾ ഓടിയെത്തി തെരുവ് നായകളെ തുരത്തിയോടിക്കുകയായിരുന്നു. നിലവിൽ തൃത്താല മേഖലയിലെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. ചാലിശ്ശേരി കപ്പൂർ പഞ്ചായത്തുകളിലായി ഇരുപതിലേറെ പേർക്ക് ആണ് ഒരു മാസത്തിനിടെ തെരുവ് നായയുടെ കടിയേറ്റത്. മേഖലയിലെ പ്രധാന പാതയിലും ആൾ സഞ്ചാരം കുറഞ്ഞ ഇടവഴികളിലുമാണ് പകലെന്നോ രാത്രിയെന്നോ ഇല്ലാതെ തെരുവു നായ്ക്കള്‍ അലഞ്ഞു നടക്കുന്നത്.
പ്രധാന പാതയിൽ തെരുവ് നായ ശല്യം രൂക്ഷമാക്കുന്നത് വാഹന യാത്രികരെയാണ് ദുരിതത്തിലാക്കുന്നത്. കൂറ്റനാട് തൃത്താല റോഡ്, തൃത്താല അങ്ങാടി, തൃത്താല കുമ്പിടി റോഡ്, തൃത്താല എടപ്പാൾ റോഡ്, ചാത്തന്നൂർ സ്കൂൾ റോഡ്, കൂറ്റനാട് ബസ് സ്റ്റാന്റ് എന്നിവിടങ്ങളിക്ക് പുറമെ ആനക്കര, കുമ്പിടി, കുമരനെല്ലൂർ, പട്ടിത്തറ, കപ്പൂർ, ചാലിശ്ശേരി മേഖലയിലും തെരുവ് നായ ശല്യം രൂക്ഷമാണ്.
Read more: ആറ്റിങ്ങലിൽ വീണ്ടും വൻ ലഹരി വേട്ട, പുലർച്ചെ ദില്ലി രജിസ്ട്രേഷൻ വണ്ടിയിലെത്തിയ അഞ്ചുപേർ പിടിയിൽ
തൃത്താല മുടവന്നൂർ കുന്നിൽ രാത്രികാലങ്ങളില്‍ നൂറു കണക്കിന് തെരുവുനായക്കളാണ് തമ്പടിക്കുന്നത് ' രാവിലെ നടക്കാന്‍ ഇറങ്ങുന്നവര്‍, വ്യാപാരികള്‍, പത്രവിതരണക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരെല്ലാം ഇവയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. തെരുവു നായ്ക്കള്‍ ബൈക്ക് യാത്രക്കാരെ ആക്രമിക്കുന്നതും യാത്രക്കാർ അപകടത്തിൽ പെടുന്നതും തൃത്താല മേഖലയിൽ പതിവാണെന്നാണ് നാട്ടുകാരുടെ പരാതി.
