Asianet News MalayalamAsianet News Malayalam

നാട്ടുകാരെ കൊണ്ട് മൂക്ക് പൊത്തിക്കാന്‍ ഇടവരുത്തില്ല! രാത്രിയിലെ കക്കൂസ് മാലിന്യം തള്ളല്‍, ഇനി പിടിവീഴും

വീടുകളിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ കരാറെടുക്കുന്നവർ വീടുകളിൽ നിന്ന് രാത്രിയിൽ ശേഖരിക്കുന്ന കക്കൂസ് മാലിന്യം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തള്ളുന്നതായി ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചത്

strictly instructed to take strict legal action against those who dump toilet waste
Author
First Published Sep 26, 2022, 10:17 PM IST

കോഴിക്കോട്: രാത്രിയിൽ നഗരത്തിൽ കക്കൂസ് മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്  കേസ് തീർപ്പാക്കി. വീടുകളിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ കരാറെടുക്കുന്നവർ വീടുകളിൽ നിന്ന് രാത്രിയിൽ ശേഖരിക്കുന്ന കക്കൂസ് മാലിന്യം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തള്ളുന്നതായി ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചത്. നഗരസഭാ സെക്രട്ടറിയിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങി.

നഗരസഭയുടെ ഹെൽത്ത് സ്ക്വാഡ് ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.  ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.  സെപ്റ്റേജ് ട്രീറ്റ്മെന്റിനായി നഗരസഭ നിർമ്മിക്കുന്ന 100 കെ എൽ ഡി ശേഷിയുള്ള പ്ലാന്‍റിന്‍റെ ജോലികൾ 2020 മാർച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഹെൽത്ത് സ്ക്വാഡുകൾ പിടിച്ചെടുത്ത വാഹനങ്ങൾക്ക് 2018 മുതൽ ഏഴ് കേസുകളിൽ നിന്നായി 2,70,070 രൂപ പിഴ ചുമത്തിയിട്ടുണ്ട്.  റിപ്പോർട്ടിന്‍റെ  അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.  എ സി ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

അതേസമയം, പട്ടികവർഗ്ഗ വിഭാ​ഗത്തിൽപെട്ട വ്യക്തിയുടെ വീടും സ്ഥലവും കൈക്കലാക്കി കരിങ്കൽ ക്വാറി ഉടമകൾ  വാസയോ​ഗ്യമല്ലാത്ത സ്ഥലം പകരം നൽകിയ സംഭവത്തിൽ, ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാത്ത കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കെതിരെ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷൻ നടപടിയെടുത്തിരുന്നു. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് 24ന് കമ്മീഷൻ കർശനമായി ആവശ്യപ്പെട്ടത്.

വീടും സ്ഥലവും കൈക്കലാക്കി പകരം വനാതിർത്തിയോട് ചേർന്ന് ജണ്ട കെട്ടിയ സ്ഥലം നൽകിയെന്നാണ് പരാതി. അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്  കമ്മീഷൻ ജുഡീഷ്യൽ അംഗം  കെ. ബൈജുനാഥ്  കഴിഞ്ഞ ഓഗസ്റ്റ് 20ന് ഉത്തരവ് നൽകിയത്. എന്നാൽ, റിപ്പോർട്ട് സമർപ്പിച്ചില്ല. ഇതാണ് കർശന നിർദ്ദേശം നൽകുന്നതിലേക്ക് വഴിവെച്ചത്. ‌ഒക്ടോബർ 28ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Follow Us:
Download App:
  • android
  • ios