Asianet News MalayalamAsianet News Malayalam

പൊതുവഴി അയല്‍വാസി കൈയേറി; വഴി തുറക്കണമെന്നാവശ്യപ്പെട്ട് ക്യാന്‍സര്‍ രോഗിയുമായി സമരം

1991 -ലാണ് മല്ലൻവിളയിൽ 5 കുടുംബക്കാർക്ക് മിച്ച ഭൂമി സര്‍ക്കാര്‍ പതിച്ച് നൽകുന്നത്. അതോടൊപ്പം ചാനൽ ബണ്ടിൽ നിന്നും 5 കണ്ടങ്ങളിലും പ്രവേശിക്കാൻ പൊതുവഴിയും അനുവദിച്ച് നൽകിയിരുന്നു. 

strike for Mallanvila Colony road reopen
Author
First Published Sep 17, 2022, 4:04 PM IST

തിരുവനന്തപുരം: കരുംകുളം പഞ്ചായത്തിൽ 3-ാം വാർഡിലെ മല്ലൻവിള കോളനിയിലെ പൊതുവഴി തുറക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം. വഴി തുറന്ന് തരണമെന്നാവശ്യപ്പെട്ട് ക്യാൻസർ രോഗിയുമായി കോളനി നിവാസികള്‍ ഇത് 4-ാം തവണയാണ് പഞ്ചായത്തിന് മുന്നിൽ സമരത്തിനെത്തുന്നത്. അപ്പോഴെല്ലാം ഒരാഴ്ചക്കുള്ളിൽ വഴി തുറന്ന് തരാം എന്ന വാഗ്ദാനം നൽകി പഞ്ചായത്ത് അധികൃതർ തിരിച്ചയച്ചതായി സമരക്കാര്‍ പറയുന്നു. 

എന്നാൽ, മാസങ്ങളും വർഷങ്ങളും കടന്ന് പോയിട്ടും സ്വന്തം വീട്ടിൽ കടന്ന് ചെല്ലാൻ വഴിയില്ലാതെ നട്ടം തിരിയുകയാണ് കുട്ടികളും വൃദ്ധജനങ്ങളും ക്യാൻസർ രോഗികളും ഉൾപ്പെടെയുള്ള കോളനി നിവാസികള്‍. കഴിഞ്ഞ 7 വർഷമായി പഞ്ചായത്ത് അധികൃതരുടെ മുന്നിൽ തങ്ങളുടെ വീട്ടിലേക്കുള്ള വേഴിക്ക് വേണ്ടി ഇവര്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. പരിഹാരമില്ലങ്കിൽ കൂട്ട ആത്മഹത്യയല്ലാതെ മറ്റു മാർഗ്ഗമില്ലന്ന് പറയുകയാണ് സമരത്തിനെത്തിയ വൃദ്ധരായ ലീലയും വസന്തയും.

പൊതുവഴി കൈയേറിയ സംഭവത്തെ കുറിച്ച് സമരക്കാർ പറയുന്നത് ഇങ്ങനെയാണ്. 1991 -ലാണ് മല്ലൻവിളയിൽ 5 കുടുംബക്കാർക്ക് മിച്ച ഭൂമി സര്‍ക്കാര്‍ പതിച്ച് നൽകുന്നത്. അതോടൊപ്പം ചാനൽ ബണ്ടിൽ നിന്നും 5 കണ്ടങ്ങളിലും പ്രവേശിക്കാൻ പൊതുവഴിയും അനുവദിച്ച് നൽകിയിരുന്നു. എന്നാൽ, 2004-ൽ അയൽവാസി നടവഴിയിൽ പശുത്തൊഴുത്ത് നിർമ്മിച്ചു. പിന്നീട് തൊഴുത്ത് വീടായി ചിത്രീകരിച്ച് പഞ്ചായത്തിനെ സ്വാധീനിച്ച് ഇയാള്‍ വീട്ടുനമ്പർ വാങ്ങിയെന്നും ഇവര്‍ ആരോപിക്കുന്നു. 

ഇക്കാലത്ത് ഞങ്ങൾ ചികിത്സയുടെ ആവശ്യത്തിനായി തിരുവനന്തപുരം ആർസിസിയിൽ ആയിരുന്നുവെന്നും സമരക്കാര്‍ പറയുന്നു. അന്യായമായി കൈയേറി അടച്ച വഴി തുറക്കണം എന്നാവശ്യപ്പെട്ട് 2014 മുതൽ ഞങ്ങൾ പരാതിയുമായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇനിയെങ്കിലും അധികൃതരുടെ കണ്ണ് തുറക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. രാവിലെ തുടങ്ങിയ സമരം വൈകിട്ട് 5 മണിയായിട്ടും അവസാനിപ്പിക്കാതെ വന്നതോടെ കാഞ്ഞിരംകുളം പോലീസും, പഞ്ചായത്ത് അധികൃതരും വീണ്ടും ഒരു മാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന വാഗ്ദാനം നല്‍കി സമരക്കാരെ തിരിച്ചയച്ചു. സംഭവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ പഞ്ചായത്തിൽ പ്രസ്തുത കക്ഷികളെ വിളിച്ച് പ്രശ്ന പരിഹാരത്തിനുള്ള വഴി തേടുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മധുസുദനൻ ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios