ഇന്ന് രാവിലെ മുതൽ കനത്ത കാറ്റാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. വിനോദ സഞ്ചാരികളുടെ എണ്ണവും കൂടിയിട്ടുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരത്തിന്‍റെ മലയോരമേഖലകളിൽ കനത്തകാറ്റ് തുടരുന്നു. പൊന്മുടിയിൽ മണിക്കൂറിൽ അമ്പത് കിലോമീറ്ററോളം വേഗത്തിൽ കാറ്റ് വീശിയതായി കാലാവസ്ഥാ വിദഗ്ധർ പറയുന്നു. കാടിനുള്ളിലും ചുരത്തിലും മരക്കമ്പുകൾ ഒടിഞ്ഞ് വീണിട്ടുണ്ടെങ്കിലും ഗതാഗതം തടസപ്പെട്ടിട്ടില്ല. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊന്മുടി പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെ മുതൽ കനത്ത കാറ്റാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. വിനോദ സഞ്ചാരികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഉച്ചയോടെ മലയുടെ താഴ്വാരങ്ങളിൽ കാറ്റ് കനത്തതോടെ വിനോദ സഞ്ചാരത്തിനെത്തിയ കുട്ടികളെ മാതാപിതാക്കൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.വിതുര,തൊളിക്കോട്,പെരിങ്ങമ്മല,നന്ദിയോട് പഞ്ചായത്തുകളിൽ കഴിഞ്ഞയാഴ്ച അനുഭവപ്പെട്ട കാറ്റിൽ മരങ്ങൾ കടപുഴകിയും വൈദ്യുതി ലൈനുകൾ വീണും കനത്തനാശമുണ്ടായിരുന്നു. വിതുര പഞ്ചായത്തിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. 

ആദിവാസിമേഖലകളിൽ ഏഴ് വീടുകൾതകർന്നു. മരങ്ങൾ വ്യാപകമായി ഒടിയുകയും കടപുഴകുകയും ചെയ്തു. വ്യാപക കൃഷിനാശവുമുണ്ടായി. വൈദ്യുതിവകുപ്പിന് പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്. വൈദ്യുതിലൈനുകൾ തകരാറിലാകുകയും ഒരുദിവസം മുഴുവൻ വിതരണം തടസപ്പെടുകയും ചെയ്തു.ഫയർഫോഴ്സിന്‍റെയും വൈദ്യുതിജീവനക്കാരുടേയും കഠിനപരിശ്രമത്തെതുടർന്നാണ് മിക്കമേഖലകളിലും വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചത്.

ചുരത്തിൽ മരം വീണ് ഗതാഗതവും തടസപ്പെട്ടിരുന്നു. കാറ്റ് കനത്തിട്ടും പൊൻമുടി അപ്പർസാനിറ്റോറിയവും പരിസരത്തും നിറയെ വാഹനങ്ങളുണ്ട്. കല്ലാർ മീൻമുട്ടിവെള്ളച്ചാട്ടം കാണാനും ആളുകളെത്തുന്നുണ്ട്. മാലി ദ്വീപിനും ഭൂമധ്യ രേഖക്കും സമീപമായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ചവരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

യുവതിയെ കണ്ടെത്തിയത് കഴുത്തിൽ കുരുക്കിട്ട നിലയിൽ; കണിയാപുരത്തെ വിജിയുടെ മരണം കൊലപാതകം; പ്രതിക്കായി അന്വേഷണം

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം