Asianet News MalayalamAsianet News Malayalam

വിതുരയിൽ വിദ്യാര്‍ത്ഥികൾക്കും പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർക്കും നേരെ മദ്യപസംഘത്തിന്റെ ആക്രമണം

 പ്രകൃതിപഠന ക്യാമ്പിനെത്തിയ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾക്കും പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെയും കേരള കോൺഗ്രസ് (ബി) നേതാവിൻ്റെ നേതൃത്വത്തിലുള്ള മദ്യപ സംഘത്തിൻ്റെ ആക്രമണം

Student and police and forest officers attacked in Thiruvananthapuram by drunkards
Author
First Published Sep 22, 2022, 3:00 PM IST

തിരുവനന്തപുരം: വിതുര പേപ്പാറയിൽ പ്രകൃതിപഠന ക്യാമ്പിനെത്തിയ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾക്കും പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും നേരെ കേരള കോൺഗ്രസ് (ബി) നേതാവിൻ്റെ നേതൃത്വത്തിലുള്ള മദ്യപ സംഘത്തിൻ്റെ ആക്രമണം. സംഭവത്തിൽ മദ്യപസംഘത്തിലുണ്ടായിരുന്ന കേരള കോൺഗ്രസ് (ബി) നേതാവ് ആര്യനാട് സക്കീർ ഹുസൈനെ പൊലീസ് പിടികൂടി. സംഘത്തിൽ നേതാവിന് ഒപ്പമുണ്ടായിരുന്നവർ ഒളിവിലാണ്. എസ് പി സി പരിശീലകരായ എസ് ഐ രാജേന്ദ്രൻ നായർ, റിട്ട എസ് ഐ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഖിൽ എന്നിവർക്ക് പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റു. 

ഇതിൽ അഖിലിന്റെ പരിക്ക് ഗുരുതരമാണ്. അനിൽ കുമാറിന്റെ കാലിൽ മുറിവേറ്റു. ആക്രണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ സക്കീർ ഹുസൈനെ ഇവർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന ഷിജി കേശവൻ, ഉദയകുമാർ എന്നിവർക്കും കണ്ടാലറിയാവുന്ന രണ്ടുപേർക്കും എതിരെ പൊലീസ് കേസെടുത്തു.

പേപ്പാറ ഡാമിന് സമീപത്തെ വനം വകുപ്പ് ബംഗ്ലാവിന് മുന്നിൽ വച്ച് ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. കിളിമാനൂർ ഗവ. എച്ച് എസ് എസിലെ 41 എസ് പി സി കേഡറ്റുകൾ ത്രിദിന പ്രകൃതിപഠന ക്യാമ്പിനായി ചൊവ്വാഴ്ചയാണ് പേപ്പാറയിലെത്തിയത്. രണ്ടാം ദിവസമായ ബുധനാഴ്ച വൈകീട്ടോടെ കേഡറ്റുകൾ മാർച്ച് പാസ്റ്റ് ചെയ്യുന്നതിനിടെയാണ് മദ്യപിച്ചെത്തിയ സംഘം കുട്ടികളെ അസഭ്യം പറഞ്ഞത്. ഇതു ചോദ്യം ചെയ്ത പരിശീലകരെയും ഗൈഡായി ഒപ്പമുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും മദ്യപ സംഘം കൈയേറ്റം ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥരെ വിതുര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More :  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസ് യാത്രക്കിടെ അപമാനിച്ചു, കണ്ടക്ടര്‍ക്ക് നാല് വര്‍ഷം തടവ്

Follow Us:
Download App:
  • android
  • ios