ഇടുക്കി: കാര്‍ഷികവിളകള്‍ നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങളെ തടയുന്നതിന് സഹായിക്കുന്ന ഉപകരണം കണ്ടുപിടിച്ച ഏഴാം ക്ലാസുകാരന് ദേശീയ അംഗീകാരം. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന ഹൈറേഞ്ച് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഗബ്രിയേല്‍ കിങ്സ്റ്റണ്‍ ആണ് പുരസ്‌കാരത്തിനര്‍ഹമായ കണ്ടുപിടുത്തം നടത്തിയത്. ദില്ലിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇലക്രോണിക്സ് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജി മന്ത്രി രവിശങ്കറില്‍ നിന്നാണ് ഗബ്രിയേല്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്.

സാങ്കേതിക സഹായത്തോടെ വിവിധ പ്രശ്നങ്ങള്‍ക്കുള്ള ക്രിയാത്മക സൃഷ്ടികള്‍ കണ്ടുപിടിക്കുന്ന വിധത്തില്‍ വിവിധ തലങ്ങളിലായി രാജ്യത്തെ നൂറു കണക്കിന് വിദ്യാര്‍ത്ഥികളോട് മാറ്റുരച്ചാണ് ഗബ്രിയേല്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചത്. സ്‌കൂള്‍ തലത്തില്‍ നടന്ന പ്രദര്‍ശനത്തിലൂടെ പ്രത്യേക ശ്രദ്ധ നേടിയ കണ്ടുപിടുത്തം സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ദേശീയതലത്തിലുള്ള ശാസ്ത്രോത്സവത്തിന് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേരില്‍ ഒരാള്‍ ഗബ്രിയേല്‍ ആയിരുന്നു. 52 പേര്‍ പങ്കെടുത്ത ശാസ്ത്രോത്സവത്തില്‍ കേന്ദ്രമന്ത്രി നേരിട്ട് സംവാദം നടത്തി ആറു പേരെ തിരഞ്ഞെടുക്കുകയായിരുന്നു. ആറുപേരില്‍ ഒരാളായാണ് വിദ്യാഭ്യാസപരമായി ഒത്തിരിയേറെ പരാധീനതകള്‍ നേരിടുന്ന തോട്ടം മേഖലയില്‍ നിന്നുള്ള ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി നേട്ടം കൊയ്തത്. കാര്‍ഷിക വിളകള്‍ നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങളെ തടയുന്നതിനുള്ള ഉപകരണമാണ് ദേശീയ ശ്രദ്ധ നേടിയത്. മൃഗങ്ങള്‍ തോട്ടത്തിലെത്തിയാല്‍ വിവരം നല്‍കുന്ന വിധത്തിലുള്ള അലാറം നല്‍കുന്നതാണ് കണ്ടുപിടുത്തം.

ഉപകരണത്തില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറില്‍ നിന്നുമാണ് മുന്നറിയിപ്പ് ലഭിക്കുന്നത്. ഇത്തരത്തില്‍ തോട്ടങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ ആ ഉപകരണം സ്ഥാപിക്കാനാവും. ഉപകരണത്തില്‍ നിന്നും താമസസ്ഥലവുമായി ബന്ധിപ്പിച്ചുള്ള അലാറത്തില്‍ നിന്നുമാണ് വന്യമൃഗങ്ങള്‍ എത്തിയെന്നുള്ള സൂചന ലഭിക്കുന്നത്. ഇത്തരത്തില്‍ മുന്നറിയിപ്പ് ലഭിച്ചാല്‍ ആവശ്യമായ കരുതല്‍ നടപടി എടുക്കുവാനും യഥാസമയം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുവാനും സാധിക്കും. ഗബ്രിയേലിന്റെ കണ്ടുപിടിത്തത്തിനു പ്രേരണയായത് വന്യമൃഗങ്ങളുടെ നിരന്തരമായ ജനവാസമേഖലയിലുള്ള സാന്നിധ്യവും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതുമായിരുന്നു.

Read More: റേഷന്‍കടയിലെ മോഷണത്തില്‍ വന്‍ ട്വിസ്റ്റ്: ഉടമ തന്നെ പ്രതിയെന്ന് പൊലീസ് കണ്ടെത്തി

വീടിനടുത്തുള്ള തൊഴിലാളികള്‍ കൃഷിയിടങ്ങളില്‍ നടത്തുന്ന അധ്വാനത്തിന്റെ ഫലം വന്യമൃഗങ്ങളുടെ ആക്രമണം മൂലം പാഴായിപോകുന്നതിലുള്ള മനോവിഷമം മൂലമാണ് ഇതിനൊരു പ്രതിവിധി കണ്ടുപിടിക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ കണ്ടുപിടുത്തത്തിന് തുടക്കം കുറിച്ചത്. പുരസ്‌കാരം ലഭിച്ചത് തോട്ടം മേഖലയില്‍ തൊഴിലാളികളുടെ മക്കള്‍ക്ക് പഠിക്കാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച സ്‌കൂളിനും നേട്ടമായി. ഇതേ സ്‌കൂളില്‍ അധ്യാപികയായ പ്രേമ - ആനന്ദ് ദമ്പതികളാണ് ഗബ്രിയേലിന്റെ മാതാപിതാക്കള്‍.  ഗബ്രിയേലിന്റെ പുരസ്‌കാരനേട്ടം വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നില്‍ക്കുന്ന തോട്ടം മേഖലയ്ക്ക് ഒന്നാകെ പ്രോത്സാഹനമായി മാറുമെന്നുറപ്പാണ്.