ഇന്ന് കോഴിക്കോട് ദേവഗിരി കോളേജിൽ ഡിഗ്രി പ്രവേശനത്തിന് പോവുന്നതിനിടെയാണ് അപകടം ഉണ്ടായത്...
കോഴിക്കോട്: ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മണിയൂർ സ്വദേശിയായ വിദ്യാർഥി മരിച്ചു. മണിയൂർ എലിപ്പറമ്പത്തുമുക്ക് ഹോമിയോ ഡിസ്പൻസറിക്ക് സമീപം പരേതനായ വിനോദിന്റെയും വടകര വാട്ടർ അഥോറിറ്റിയിൽ ജോലി ചെയ്യുന്ന ശ്രീകലയുടെയും മകൻ ശ്രീരാഗ് (18 )ആണ് മരിച്ചത്. പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീരാഗ് സഞ്ചരിച്ച ബുള്ളറ്റ് പേരാമ്പ്ര റോഡ് അട്ടക്കുണ്ട് പാലം ചിറക്കര റോഡ് കഴിഞ്ഞ ഉടനെ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നി മാറി സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.
തെരുവുനായ കുറുകെ ചാടിയതോടെയാണ് ബുളറ്റ് നിയന്ത്രണ വിട്ടതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പയൂർ ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശ്രീരാഗ് ഇന്ന് കോഴിക്കോട് ദേവഗിരി കോളേജിൽ ഡിഗ്രി പ്രവേശനത്തിന് പോവുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സൈഡ് കൊടുക്കുന്നതിനിടെ വഴിയാത്രക്കാരനെ ഇടിച്ചു; കാലിലൂടെ കയറിയിറങ്ങി സ്വകാര്യ ബസ്
തൃശ്ശൂർ കാഞ്ഞാണിയിൽ വച്ച് വഴിയാത്രക്കാരന്‍റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. തൃശ്ശൂർ-പാലാഴി റൂട്ടിലോടുന്ന 'കിരൺ' എന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ അന്തിക്കാട് വന്നേരിമുക്ക് സ്വദേശി ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്. മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ ബസ് വഴി യാത്രക്കാരനെ ഇടിക്കുകയും അയാൾ ബസിനടിയിലേക്ക് വീഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റയാളെ തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
