കോഴിക്കോട്: മുക്കത്ത് കുളത്തിൽ മുങ്ങി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മുക്കം മുത്താലം നെടുംബോക്കിൽ അബ്ദു റഹ്മാൻറെ (കെ.എസ്.ഇ.ബി, ഓമശ്ശേരി) മകൻ ഫസലു റഹ്മാൻ (14) ആണ്  മരണപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച്ച മുത്താലത്തെ കുളത്തിൽ കുളിക്കുന്നതിനിടയാൽ മുങ്ങിത്താഴുകയായിരുന്നു. 

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് കുളത്തിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിറിലേറ്ററിൽ കഴിയവേ ഇന്ന് മരണപ്പെടുകയായിരുന്നു.

മുത്താലം മുഈനുൽ ഇസ്ലാം മദ്റസിലെയും മുക്കം ഹൈസ്കൂളിലേയും ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആണ്. മാതാവ്: ജുമൈല (പാലക്കുറ്റി ) സഹോദരങ്ങൾ: ബാസിത്, ആരിഫലി.