പയ്യന്നൂരിലെ ക്ഷേത്ര കുളത്തിൽ അപകടത്തിൽ പെട്ട കായംകുളം സ്വദേശിയും ഇന്ന് മരിച്ചു

തൃശൂർ: എൽതുരുത്ത് ക്ഷേത്രകകുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. വലപ്പാട് സ്വദേശി പിജെ ആദിത്യൻ (20) ആണ് മരിച്ചത്. എൽത്തുരുത്ത് കോളേജിലെ വിദ്യാർഥിയാണ്. എൽതുരുത്ത് അഷ്ടമംഗലം ശിവക്ഷേത്രകുളത്തിൽ ഉച്ചകഴിഞ്ഞാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ആദിത്യൻ. കാണാതായതിനെ തുടർന്ന് തൃശൂർ അഗ്നിരക്ഷാ സേനാ വിഭാഗം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്

Add Asianetnews as a Preferred SourcegooglePreferred

കണ്ണൂർ പയ്യന്നൂരിലും സമാനസംഭവം ഉണ്ടായി. പയ്യന്നൂരിലെ ക്ഷേത്ര കുളത്തിലാണ് പയ്യന്നൂർ ഫിഷറീസ് കോളേജ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം 6:45 ഓടെയായിരുന്നു സംഭവം. ഉടൻ പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും കായംകുളം സ്വദേശി നന്ദുകൃഷ്ണ (27) ഇന്ന് ഉച്ചയ്ക്ക് 2.10 ഓടെ മരിച്ചു. കൂടെയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി അശ്വിൻ (23) പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇന്നലെ കണ്ണൂർ മൊകേരി ചാടാലപ്പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചിരുന്നു. ചുണ്ടങ്ങാപ്പൊയിൽ സ്വദേശി മുഹമ്മദ് താഹ (13) ആണ് മരിച്ചത്. ചുണ്ടങ്ങപൊയിൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർഥിയാണ്. വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. കാൽ കഴുകുന്നതിനിടെ മുങ്ങിപോവുകയായിരുന്നു. തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.