ചേർത്തലയിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായ ഷറാഫുദ്ദീൻ പഠനച്ചെലവിനായി ബിരിയാണി വിൽക്കുന്നു. പിതാവിന് ജോലി നഷ്ടപ്പെട്ടതോടെയാണ് ഈ പതിനെട്ടുകാരൻ സ്വന്തമായി പാചകം ചെയ്ത് വരുമാനം കണ്ടെത്താൻ തുടങ്ങിയത്. സ്വന്തമായി ഒരു റസ്റ്റോറന്റ് തുടങ്ങുക എന്നതാണ് ഷറാഫുദ്ദീന്റെ സ്വപ്നം.
ആലപ്പുഴ: പഠനച്ചെലവിനുള്ള പണം കണ്ടെത്താൻ ബിരിയാണി വിറ്റ് മാതൃകയാവുകയാണ് പതിനെട്ടുകാരനായ ഷറാഫുദ്ദീൻ. ചേർത്തല നൈപുണ്യ കോളജിലെ ഒന്നാം വർഷ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ് വയലാർ നാഗംകുളങ്ങര അറാഫ മൻസിലിൽ മുഹമ്മദ് ഷറഫുദ്ദീൻ. അറുപതിനായിരം രൂപയോളം വരുന്ന ഫീസടയ്ക്കാൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഈ വിദ്യാർത്ഥി പാചകത്തിലൂടെ വരുമാനം കണ്ടെത്തുന്നത്.
പിതാവ് നിസാമുദ്ദീന് പുന്നപ്രയിലെ കടയിലുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതോടെയാണ് കുടുംബത്തിന്റെ ജീവിതം വഴിമുട്ടിയത്. ഒന്നരമാസം മുൻപാണ് അർത്തുങ്കൽ ബൈപ്പാസിനോട് ചേർന്ന് റെയിൽവേ ഗേറ്റിന് സമീപം 'സെനിത്' എന്ന പേരിൽ ഷറാഫുദ്ദീൻ ബിരിയാണിക്കച്ചവടം ആരംഭിച്ചത്. നൂറു രൂപ നിരക്കിൽ ചിക്കൻ ബിരിയാണി, ചിക്കൻ ഫ്രൈ ബിരിയാണി എന്നിവയാണ് വിൽക്കുന്നത്. റാവുത്തർ ബിരിയാണിയും ഹൈദരാബാദ് ബിരിയാണിയും താമസിയാതെ മെനുവിൽ ഉൾപ്പെടുത്തും. ദിവസേന എൺപതുമുതൽ നൂറു ബിരിയാണി വരെ വിൽക്കുന്നതിലൂടെ 1500 രൂപയോളം ലാഭം ലഭിക്കുന്നുണ്ട്. അവധി ദിവസങ്ങളിൽ വില്പന നൂറ്റിയൻപത് വരെയാകും.
പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് ഷറാഫുദ്ദീൻ തന്നെയാണ് ബിരിയാണി പാകം ചെയ്യുന്നത്. മാതാപിതാക്കളും സഹായിക്കും. എട്ടു മണിയോടെ പാചകം പൂർത്തിയാക്കി കോളജിലേക്ക് പോകുന്ന ഷറാഫുദ്ദീന് പകരം പിതാവ് നിസാമുദ്ദീനാണ് ബിരിയാണി വിൽക്കാൻ കൊണ്ടുപോകുന്നത്. ശനി, ഞായർ ദിവസങ്ങളിൽ പാകം ചെയ്യുന്നതും വില്പന നടത്തുന്നതുമെല്ലാം ഷറാഫുദ്ദീൻ ഒറ്റയ്ക്കാണ്. ചെറുപ്പം മുതലേ പാചകത്തിനോട് കമ്പമുള്ളതിനാലാണ് ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് ചേർന്നതെന്നും സ്വന്തമായി ഒരു റസ്റ്റോറന്റ് തുറക്കണമെന്നാണ് ആഗ്രഹമെന്നും ഈ വിദ്യാർത്ഥി പറയുന്നു. ഷെജിലയാണ് മാതാവ്. ബംഗളൂരുവിൽ നഴ്‌സിങ് വിദ്യാർത്ഥിയായ മുഹമ്മദ് നസീബ് ഖാൻ സഹോദരനാണ്.


