പിറന്നാള്‍ ദിനത്തില്‍ ലഭിച്ച സമ്മാനങ്ങള്‍ മുതല്‍ നിരവധി കളിപ്പാട്ടങ്ങള്‍, പേന, പെന്‍സില്‍, ബോക്‌സ്, ഡ്രോയിംഗ് പുസ്തകങ്ങള്‍, വാച്ച് തുടങ്ങിയവ അക്കൂട്ടത്തിലുണ്ടായിരുന്നു.

കോഴിക്കോട്: വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പഠന സാമ​ഗ്രികളുമായി അക്ഷരമുറ്റത്ത് ഒത്തുകൂടി. തോട്ടുമുക്കം ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് വയനാട്ടിലെ കുട്ടികൾക്കായി സാധനങ്ങള്‍ എത്തിച്ചത്. വയനാട്ടിലെ നമ്മുടെ കൊച്ചു കൂട്ടുകാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന പ്രധാനാധ്യാപിക ഷെറീന ടീച്ചറുടെ ഫോണിലൂടെയുള്ള ശബ്ദ സന്ദേശമാണ് ഈ കുരുന്നുകള്‍ ആവേശത്തോടെ ഏറ്റെടുത്തത്. എല്‍.കെ.ജി മുതല്‍ ഏഴാം തരം വരെയുള്ള കുട്ടികള്‍ കൊണ്ടുവന്ന സാധനങ്ങൾ കണ്ട് അധ്യാപകര്‍ അത്ഭുതപ്പെട്ടു.

പിറന്നാള്‍ ദിനത്തില്‍ ലഭിച്ച സമ്മാനങ്ങള്‍ മുതല്‍ നിരവധി കളിപ്പാട്ടങ്ങള്‍, പേന, പെന്‍സില്‍, ബോക്‌സ്, ഡ്രോയിംഗ് പുസ്തകങ്ങള്‍, വാച്ച് തുടങ്ങിയവ അക്കൂട്ടത്തിലുണ്ടായിരുന്നു. കുട്ടികള്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫിനെ ഏല്‍പിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ അദ്ദേഹം അവ നേരിട്ട് വയനാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ സ്‌നേഹ സമ്മാനം അടുത്ത ദിവസം തന്നെ വയനാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സ്‌കൂള്‍ അധികൃതര്‍.