സ്കൂബ ഡൈവിങ് സംഘം മുക്കാൽ മണിക്കൂറോളം പരിശോധന നടത്തിയ ശേഷമാണ് മാല കണ്ടെടുക്കാനായത്.

തിരുവനന്തപുരം: അരുവിക്കര ഡാമിന് താഴെ തടയണയിൽ കുളിക്കാനിറങ്ങിയ ഐടിഐ വിദ്യാർഥിയുടെ മാല കരമനയാറ്റിൽ‌ കാണാതായി. തിരുവനന്തപുരം യൂണിറ്റിൽ നിന്നും സ്കൂബാ ടീം എത്തി മുക്കാൽ മണിക്കൂറോളം പരിശോധന നടത്തിയ ശേഷമാണ് മാല കണ്ടെടുക്കാനായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 

വിദ്യാർഥിയായ സുബിനും സുഹൃത്തുക്കളും ചേർന്ന് കുളിക്കുന്നതിനിടെയാണ് സുബിന്‍റെ ഒരു പവനോളം വരുന്ന മാല ആറ്റിൽ കാണാതായത്. വിദ്യാർഥികൾ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും മാല കിട്ടിയില്ല. ഒഴുക്കുണ്ടായിരുന്നതിനാൽ കൂടുതൽ ശ്രമം നടത്താതെ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു.

തിരുവനന്തപുരം സ്കൂബാ ടീം അംഗങ്ങൾ സുഭാഷിന്‍റെ നേതൃത്വത്തിൽ ഡ്രൈവർമാരായ സുജയൻ, സന്തോഷ്‌, പ്രതോഷ്, വിഷ്ണുനാരായണൻ, രാഹുൽ എന്നിവർ ചേർന്നാണ് ഒഴുക്കുള്ള സ്ഥലത്തെ പരിശോധനയ്ക്കൊടുവിൽ മാല മുങ്ങിയെടുത്തു നൽകിയത്. എങ്ങനെ വിവരം വീട്ടിൽ പറയും എന്ന് കരുതി ആശങ്കയിലായിരുന്ന സുബിന് മാല കിട്ടിയപ്പോഴാണ് ആശ്വാസമായത്.

Read also: കോഴിക്കോട് നിർത്തിയിട്ട കാറിൽ നിന്ന് 40ലക്ഷം കവർന്നു; മോഷ്ടാക്കൾ ചാക്കുമായി ബൈക്കിൽ പോകുന്ന ദൃശ്യം പൊലീസിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം