ചുള്ളിയോട് അഞ്ചാംമൈലിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

കൽപ്പറ്റ: ബസ് യാത്രക്കിടെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി. വയനാട് ജില്ലയിലെ ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്‌ലമിനാണ് ഗുരുതരമായി പരിക്കേറ്റത്. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. ചുള്ളിയോടിൽ നിന്ന് ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ചുള്ളിയോട് അഞ്ചാംമൈലിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

YouTube video player

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. യാത്രക്കിടെ അസ്‌ലം കൈ ബസിന്റെ ജാലകത്തിൽ കൂടി പുറത്തേക്ക് ഇട്ടിരുന്നു. ഈ സമയത്താണ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അസ്‌ലമിന്റെ ഇടത് കൈയ്യാണ് അറ്റുപോയത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാനായി ബസ് റോഡരികിലേക്ക് ചേർന്നപ്പോഴായിരുന്നു അപകടം. 18 കാരനായ അസ്ലമിന്റെ കൈ ഈ സമയത്ത് ബസിന് പുറത്തായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.