കോഴിക്കോട്:  അപകടാവസ്ഥയിലായ കെട്ടിടത്തിലാണ് കോഴിക്കോട് ഗണപത് ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനികളുടെ പഠനം. ക്ളാസ് മുറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് വിദ്യാര്‍ത്ഥിനികളിലൊരാള്‍ക്ക് ഷോക്കേറ്റത്. തകര്‍ന്നുവീഴാറായ സ്കൂള്‍ കെട്ടിടം നവീകരിക്കുമെന്ന പ്രഖ്യാപനം ഇതുവരെയും നടപ്പായിട്ടില്ലെന്നാണ് ആക്ഷേപമുയരുന്നത്. . 

സ്കൂള്‍ വരാന്തയില്‍ വച്ചാണ് ഒമ്പതാം ക്ലാസുകാരിയായ ആമിന സനയ്ക്ക് ഷോക്കേറ്റത്. പതിറ്റാണ്ടുകള്‍ പഴക്കമുളള സ്കൂള്‍ കെട്ടിടത്തിലെ തകരാറിലായ വയറിംഗാണ് അപകടത്തിന് കാരണമാകുന്നത്. ശുചീകരണത്തിന് ജീവനക്കാരില്ലാത്തതിനാല്‍  ശുചിമുറികളുടെ അവസ്ഥയും ശോചനീയമാണ്. വൃത്തിഹീനമായ ടോയ്‍ലറ്റിന് മുൻവശത്ത്  ഉപയോഗിച്ച സാനിറ്ററി നാപ്കിനുകള്‍. ഉപേക്ഷിച്ചിരിക്കുന്നത് കാണാം.

മേൽക്കൂര ഇടിഞ്ഞ് വീഴാതിരിക്കാൻ പല ക്ളാസ് മുറികളും താങ്ങുകൊടുത്ത് നിർത്തിയിരിക്കുകയാണ്. ക്ലാസ് റൂമിന്‍റെ മുകളിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണ്  അധ്യാപികയ്ക്ക് പരുക്കേറ്റിരുന്നു. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സ്കൂള്‍ സന്ദര്‍ശിച്ചിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടുന്ന  സര്‍ക്കാര്‍ സ്കൂളാണ് ഇത്.