കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഇല്ലെന്ന് പറഞ്ഞാണ് ആഗസ്റ്റ് നാലാം തീയതി ലക്കിടിയിൽ ലോഡ് തടഞ്ഞത്. വനാവകാശ നിയമപ്രകാരം ശേഖരിച്ച ചുണ്ടയായിരുന്നു ലോറിയിലുണ്ടായിരുന്നത്.

കൽപ്പറ്റ : ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ നടപടി. വയനാട് ജില്ലയിലെ പട്ടിക വർഗ സൊസൈറ്റിയുടെ ചുണ്ട കയറ്റിയ ലോറി വനംവകുപ്പ് പട്ടിക വർഗ സോസൈറ്റിക്ക് വിട്ടു നൽകും. വാർത്ത പുറത്ത് വന്നതിന് പിന്നാലെ സബ്കളക്ടർ ഇടപെട്ടാണ് വാഹനം വിട്ടു നൽകാൻ നിർദേശിച്ചത്. 

കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഇല്ലെന്ന് പറഞ്ഞാണ് ആഗസ്റ്റ് നാലാം തീയതി ലക്കിടിയിൽ ലോഡ് തടഞ്ഞത്. വനാവകാശ നിയമപ്രകാരം ശേഖരിച്ച ചുണ്ടയായിരുന്നു ലോറിയിലുണ്ടായിരുന്നത്. മതിയായ രേഖകൾ ഇല്ലാത്തതുകൊണ്ടാണ് പാസ് നൽകാത്തത് എന്നാണ് വനം വകുപ്പ് വിശദീകരണം. പട്ടിക വർഗ സൊസൈറ്റിയോട് വനം വകുപ്പ് ക്രൂരത കാട്ടിയെന്നുള്ള രീതിയിൽ വിമർശനം വ്യാപകമായി ഉയർന്നിരുന്നു. എന്നാൽ പുതിയ രീതി അനുസരിച്ചുള്ള പാസില്ലെന്നായിരുന്നു വനം വകുപ്പിന്‍റെ വിശദീകരണം. പുതിയ ക്രമീകരണം അറിയില്ലെന്ന് സൊസൈറ്റിയും വ്യക്തമാക്കി. 

വനാവകാശ നിയമപ്രകാരം വനവിഭവങ്ങൾ ശേഖരിച്ച് പട്ടികവർഗ സൊസൈറ്റി വിൽപ്പന നടത്താറുണ്ട്. അങ്ങനെ ശേഖരിച്ച 3500 കിലോ ചുണ്ട കയറ്റിയ ലോറിയാണ് വനം വകുപ്പ് തടഞ്ഞു വച്ചത്. വനംവകുപ്പ് ഫ്ലൈയിങ് സ്ക്വാഡ് നിർദേശത്തെ തുടർന്നാണ് ലക്കിടി വനം ചെക് പോസ്റ്റിൽ ലോഡ് പിടിച്ചിട്ടത്. വനാവകാശ അനുമതി പത്രമുള്ള ലോഡാണ് തടഞ്ഞത് വച്ചതെന്നാണ് സൊസാറ്റി ഭാരവാഹികൾ ആരോപിക്കുന്നത്. 2018 മുതൽ സൊസൈറ്റി ഇത്തരത്തിൽ ചരക്ക് വിൽക്കുന്നുണ്ട്. വനാവകാശ അനുമതി പത്രവും മുൻ സബ് കളക്ടറുടെ ഉത്തരവുമാണ് ചരക്ക് നീക്കത്തിനുളള രേഖ. എന്നാൽ പുതിയ ക്രമീകരണം വന്നുവെന്നാണ് വനംവകുപ്പ് പറയുന്നത്. ഇത് സംബന്ധിച്ച കൃത്യമായ അറിയിപ്പ് സൊസൈറ്റിക്ക് നൽകിയിരുന്നില്ല. നാലാം തീയതിയാണ് ചരക്ക് തടഞ്ഞത്. ഒന്നര ലക്ഷം രൂപയുടെ ചുണ്ടയാണ് വഴിയിലായത്. ലോഡ് നീക്കം വൈകുന്നതോടെ ഓരോ ദിവസവും ഏഴായിരും രൂപ ലോറി വാടകയും നൽകേണ്ട ഗതികേടിലായിരുന്നു സൊസൈറ്റി. 

ഒരാഴ്ചയായി പെരുവഴിയിലൊരു ലോറി, 3500 കിലോ ചുണ്ടയുടെ ലോഡ്; വനംവകുപ്പ് പിടിച്ചിട്ടത് പട്ടികവർഗ സൊസൈറ്റിയുടെ ലോഡ്