ഇടുക്കി: വനിതാസിവില്‍ പൊലീസ് ഓഫീസര്‍ സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ റിപ്പോര്‍ട്ട് വൈകും. ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതിനാലാണ് റിപ്പോര്‍ട്ട് വൈകുന്നത്. 

അമിത ജോലി ഭാരവും അധിഷേപവും സഹിക്കവയ്യാതെ അടിമാലി പൊലീസ് സ്‌റ്റേഷനിലെ വനിത പൊലീസ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിലാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണം വൈകുന്നത്. സംഭവത്തില്‍ ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ കണ്ണൂരില്‍ നടക്കുന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിലാണ്. അതിനാല്‍ ഇദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്തുവാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. 

ഇദ്ദേഹത്തിന്റെ അസാന്നിധ്യം മൂലം വനിതാപൊലീസ് ഓഫീസറുടെയും മൊഴി സാവധാനം എടുത്താന്‍ മതിയെന്നുള്ള നിലപാടിലാണ് സ്പെഷ്യൽ ബ്രാഞ്ച്. 
ഒരാഴ്ച മുമ്പാണ് ഡ്യൂട്ടി നല്‍കിയത് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് വനിതാപൊലീസ് ഉദ്യോഗസ്ഥ സ്‌റ്റേഷനില്‍വെച്ച് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 
ഉന്നതപൊലീസ് അധിക്യതര്‍ ഇടപ്പെട്ട് മൂടിവെയ്ക്കാന്‍ ശ്രമിച്ചെങ്കിലും സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവരികയായിരുന്നു.