ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ മോചനത്തിന് സുരേഷ് ഗോപി ഇടപെട്ടിട്ടുണ്ട്.
ദില്ലി: സുരേഷ് ഗോപിയെ തൃശൂരിൽ കാണാനില്ലെന്ന വിമർശനങ്ങൾക്ക് അദ്ദേഹം തന്നെ മറുപടി നൽകുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻറണി. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ മോചനത്തിന് സുരേഷ് ഗോപി ഇടപെട്ടിട്ടുണ്ട്. തൃശൂരിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന പരാതികൾ രാഷ്ട്രീയ എതിരാളികളുടെ ഹിപ്പോക്രസിയുടെ ഉദാഹരണമാണ്. എന്ത് കൊണ്ട് വോട്ടെടുപ്പിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചില്ലെന്നും അനൂപ് ആൻറണി ചോദിച്ചു.
സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു തൃശൂര്‍ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂര്‍ ആണ് പൊലീസിൽ പരാതി നൽകിയത്. ഗുരുവായൂര്‍ ഈസ്റ്റ് പൊലീസിലാണ് ഗോകുൽ പരാതി നൽകിയത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു മുന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
സുരേഷ് ഗോപി എംപിയെ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകള്‍ക്കെതിരായ നടപടികള്‍ക്കുശേഷം എവിടെയും കാണാനില്ലാത്ത സാഹചര്യമാണെന്നാണ് ഗോകുൽ പരാതിയിൽ ഉന്നയിക്കുന്നത്. ഇതിനാൽ കേന്ദ്രസഹമന്ത്രിയുടെ തിരോധാനത്തിന് പിന്നിൽ ആരാണെന്നും അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്ന് പറഞ്ഞുകൊണ്ടാണ് പരാതി.
സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദില്ലിയിലേക്ക് അയച്ച നടനെ കാണാനില്ലെന്നും പൊലീസിൽ അറിയിക്കണോയെന്നാണ് ആശങ്കയെന്ന് പറഞ്ഞുകൊണ്ട് മാർ യൂഹാനോൻ മിലിത്തോസ് ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമര്‍ശനം നടത്തിയത്.



