Asianet News MalayalamAsianet News Malayalam

സിഐ കള്ളക്കേസില്‍ കുടുക്കിയ എസ്ഐയ്ക്ക് ആശ്വാസം, സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

രക്തസാമ്പിള്‍ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായിരുന്നില്ല. ഈ പരിശോധനാഫലം കോടതിയില്‍  സമര്‍പ്പിക്കുകയും ചെയ്തതോടെ പൊലീസിനു നാണക്കേടുണ്ടാക്കിയ നടപടി പിന്‍വലിക്കുകയായിരുന്നു

Suspension of police officer who was trapped in fake case by higher police official called off etj
Author
First Published Sep 17, 2023, 9:13 AM IST

തൃശൂര്‍: സി ഐ കള്ളക്കേസില്‍ കുടുക്കിയ എസ്ഐയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. നെടുപുഴ സി ഐ കള്ളക്കേസില്‍ കുടുക്കിയ സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ ടി ആര്‍ ആമോദിന്റെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ച് കൊണ്ട് ഡി.ഐ.ജി. ഉത്തരവിട്ടത്. നെടുപുഴ സി.ഐ. അറസ്റ്റ് ചെയ്തത് കള്ളക്കേസില്‍ കുടുക്കിയെന്നതിന് തെളിവായി രക്തപരിശോധനാഫലം വന്നിരുന്നു. ആമോദിന്റെ രക്തസാമ്പിള്‍ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായിരുന്നില്ല. പിന്നാലെ രക്ത പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് പൊലീസിനു നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു കൊണ്ടുള്ള നടപടി വരുന്നത്. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ചാണ് സി.ഐ. ദിലീപ് കുമാര്‍ ആമോദിനെ അറസ്റ്റ് ചെയ്തത്. ജൂലൈ 31ന് സിറ്റിക്കടുത്തുള്ള വടൂക്കരയിലാണ് സംഭവത്തിന്റെ തുടക്കം. അവധിയിലായിരുന്ന ആമോദ് വൈകിട്ട് അഞ്ചരയോടെ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയി. സഹപ്രവര്‍ത്തകന്റെ ഫോണ്‍ വന്നപ്പോള്‍ വഴിയരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് നെടുപുഴ സി.ഐ. ദിലീപ് ജീപ്പില്‍ എത്തിയത്. മദ്യപാനത്തിനു വന്നതാണോയെന്ന് സി.ഐ. ചോദിച്ചു. കടയിലേക്ക് വന്നതാണെന്ന് ആമോദി പറഞ്ഞെങ്കിലും സിഐ വിശ്വസിച്ചില്ല. ജീപ്പില്‍ നിന്ന് പുറത്തിറങ്ങിയ സി.ഐ. നേരെ തൊട്ടടുത്ത മരക്കമ്പനിയ്ക്കുള്ളില്‍ പോയി തിരച്ചില്‍ നടത്തി. അവിടെനിന്ന് പാതി കാലിയായ മദ്യക്കുപ്പി കിട്ടി. ഇത് എസ്.ഐ. കഴിച്ചതാണെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയ ആമോദിനെ പരിശോധിച്ച ഡോക്ടര്‍ മദ്യത്തിന്റെ മണമില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് രക്ത സാമ്പിള്‍ എടുപ്പിച്ചു. ഇതിനോടകം ആമോദിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. ഒരു ദിവസത്തോളം ആമോദിനെ കസ്റ്റഡിയില്‍ വെച്ചതായി പരാതി ഉയര്‍ന്നിരുന്നു. പരാതി ഉയര്‍ന്നതോടെ സംഭവം വിവാദമായി. തുടര്‍ന്നാണ് സംസ്ഥാന ഇന്റലിജന്‍സ് സംഭവം അന്വേഷിച്ച് കള്ളക്കേസാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തിലും എസ്.ഐ. അവിടെയിരുന്ന് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. ജീപ്പില്‍ വരുമ്പോള്‍ വഴിയരികില്‍ എസ്.ഐ. ഫോണില്‍ സംസാരിക്കുകയാണെന്ന് സി.ഐയുടെ ഒപ്പം ജീപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥനും മൊഴി നല്‍കി. എന്നാല്‍ ഇതിനോടകം എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംസ്ഥാന, ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകള്‍ സിറ്റി പോലീസ് കമ്മീഷണര്‍ പൂഴ്ത്തിയെന്ന് ആരോപിച്ച് എസ്.ഐയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ചില ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായ നിലപാടെടുത്തതായും ആരോപണമുയര്‍ന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios