തിരുവനന്തപുരം: ഷൈനിയുടെ വിയോഗത്തിന്‍റെ ഞെട്ടലിലാണ് വീട്ടുകാരും കാഞ്ഞിരംകുളം പുല്ലുവിളയിലെ നാട്ടുകാരും. ഭർത്താവ് നിധീഷിന്‍റെ ലഹരി ഉപയോഗവും സംശയ രോഗവുമാണ് ഷൈനിയുടെ ജീവന്‍ നഷ്ടമാകാനുള്ള കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. നിധീഷ് പൊലീസിന് നല്‍കിയ മൊഴിയും സംശയരോഗത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.

ഷൈനിയുടെ ഗര്‍ഭവും പിതൃത്വത്തെ ചൊല്ലിയുള്ള സംശയവുമായിരുന്നു നിധീഷിനുണ്ടായിരുന്നത്. ഇരുവർക്കും ഇടയിൽ ഇതുസംബന്ധിച്ച് നിരന്തരം വഴക്ക് നടന്നിരുന്നു. ലഹരിയുടെ അമിത ഉപയോഗത്താല്‍ തന്നെ നിധീഷ് ക്രൂരമായി ഷൈനിയെ മര്‍ദ്ദിക്കാറുമുണ്ടായിരുന്നു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബമായിരുന്നു ഷൈനിയുടേത്. നിധീഷിന്റെ ലഹരിയുപയോഗം അറിയാതെയാണ് ഷൈനിയെ വിവാഹം ചെയ്തു കൊടുത്തത്.

വിവാഹത്തിന് ഏറെ മുൻപ് തന്നെ നിധീഷ് കഞ്ചാവിനും മയക്കു മരുന്നിനും അടിമയായിരുന്നതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഇവർ ചാവടിയിലെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. കുറച്ചുനാൾ ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്ത നിധീഷ് ജോലി മതിയാക്കി അടുത്തിടെ തിരികെ നാട്ടിലെത്തി. നാട്ടിലെത്തിയ ശേഷം നിധീഷ് ജോലിക്ക് പോയിരുന്നില്ല.

ഷൈനി ഗര്‍ഭിണിയാണെന്ന് വ്യക്തമായ സ്കാനിങ് റിപ്പോർട്ടുകളുമായി ബന്ധപ്പെട്ടുള്ള വഴക്കുകളാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇക്കാര്യം നിധീഷ് തന്നെ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഷൈനിയെയും വയറ്റിൽ വളരുന്ന കുഞ്ഞിനെയും ഷൈനിയുടെ കാമുകനെയും വകവരുത്താൻ ആണ് തീരുമാനിച്ചത് എന്ന് നിധീഷ് പൊലീസിനോട് പറഞ്ഞു. സംഭവ ദിവസവും ഗർഭസ്ഥ ശിശുവിന്‍റെ പിതൃത്വത്തെ ചൊല്ലി ഇരുവർക്കും ഇടയിൽ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് വിശ്വാസം ഇല്ലെങ്കിൽ മുന്നോട്ട് ഒരുമിച്ചു ജീവിക്കാതെ വിവാഹമോചനം നടത്താം എന്ന് ഷൈനി പറഞ്ഞത് നിധീഷിന് ഇഷ്ടമായില്ല. 

മകന്‍റെ മുന്നിൽ വെച്ച് നിധീഷ് ഷൈനിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് എത്തുമ്പോൾ ഇരുവരുടെയും മൂന്ന് വയസുകാരൻ മകൻ കെവിൻ അച്ഛൻ അമ്മയെ കൊല്ലുന്നത് കണ്ട ഞെട്ടലിൽ നിന്ന് മാറിയിട്ടിലായിരുന്നു. സംഭവത്തിൽ ഒന്നിൽകൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് ഷൈനിയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള നിധീഷിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകു എന്ന് പൊലീസ് പറയുന്നു.