പണത്തിന്റെ ഉറവിടം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും എവിടേക്ക് കൊണ്ടുപോകുന്നു എന്ന കാര്യത്തിലും ഇവർക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.

പാലക്കാട്: വാളയാർ ചെക്ക്‌പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ സ്കൂട്ടറിൽ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 60 ലക്ഷം രൂപ എക്സൈസ് പിടിച്ചെടുത്തു. പാലക്കാട് ചിറ്റൂർ സ്വദേശി രതീഷ് (40), മഹാരാഷ്ട്ര സ്വദേശി ശിവാജി ഗെയ്ക്ക് വാദ് എന്നിവരാണ് പണവുമായി പിടിയിലായത്. പുലർച്ചെ 5.20ന് ആയിരുന്നു ഇവർ ഒരു സുസുക്കി ആക്സസ് സ്കൂട്ടറിൽ വാളയാർ എക്സൈസ് ചെക്പോസ്റ്റിലെത്തിയത്.

പരിശോധന നടത്തിയപ്പോൾ ഇരുവരും ധരിച്ചിരുന്ന ജാക്കറ്റിലെ അറകളിലും സ്കൂട്ടറിന്റെ സീറ്റിനടിയിൽ നിന്നും പണം കണ്ടെടുത്തു. പണത്തിന്റെ ഉറവിടം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും എവിടേക്ക് കൊണ്ടുപോകുന്നു എന്ന കാര്യത്തിലും ഇവർക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. ഇതോടെ ഇവരെ കസ്റ്റഡിയിലെടുത്തു. പട്ടാമ്പി ഭാഗത്തേക്കാണ് പണം കൊണ്ടുപോയതെന്നും ആർക്കാണ് കൈമാറുന്നതെന്ന് അവിടെ എത്തിയ ശേഷമേ അറിയിക്കൂ എന്നും ഇവർ പിന്നീ അറിയിച്ചു.

തുടർ നടപടികൾക്കായി പ്രതികളെയും പിടിച്ചെടുത്ത പണവും ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം പാലക്കാട് അസിസ്റ്റന്റ് ഡയറക്ടർക്ക് കൈമാറി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ് എം, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബാസ്റ്റിൻ കെ.എക്സ്, പ്രിവന്റീവ് ഓഫീസർ ദിനേഷ് കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ അലി അസ്‌കർ പി, ശരവണൻ പി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.