നിയന്ത്രണംവിട്ട സ്വിഫ്റ്റ് ബൈക്കിലിടിച്ചു, പിന്നാലെ കാറിൽ, 6 പേര്‍ക്ക് പരിക്ക്, ഇടിച്ച കാറിൽ മദ്യക്കുപ്പികൾ
മദ്യലഹരിയില്‍ ഓടിച്ച കാര്‍ ബൈക്കിലും കാറിലും ഇടിച്ച് ആറ് പേര്‍ക്ക് പരിക്ക്; കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തി
കോഴിക്കോട്: മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കൂരാച്ചുണ്ട് സ്വദേശി അമല്‍ കൃഷ്ണ(25), കൊയിലാണ്ടി സ്വദേശി വിനോദ്(40), കാര്‍ യാത്രക്കാരനായ കാന്തപുരം സ്വദേശി അബ്ദുല്‍ നാസര്‍(57), അപകടം വരുത്തിയ കാറിലുണ്ടായിരുന്ന ബാലുശ്ശേരി സ്വദേശികളായ ബിബിന്‍ ലാല്‍(36), കിരണ്‍(31), അര്‍ജ്ജുന്‍(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരോടൊപ്പമുണ്ടായിരുന്ന ഓരാള്‍ ഓടി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 8.30 ഓടെ താമരശ്ശേരി സംസ്ഥാന പാതയില്‍ കോരങ്ങാടിനും പിസി മുക്കിനും ഇടയില്‍ വച്ചാണ് അപകടം നടന്നത്. ബാലുശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് അതേ ദിശയില്‍ വന്ന വിനോദും അമല്‍ കൃഷ്ണയും സഞ്ചരിച്ച ബൈക്കിലും എതിര്‍ ദിശയില്‍ വന്ന അബ്ദുല്‍ നാസര്‍ സഞ്ചരിച്ച മാരുതി 800 കാറിലും ഇടിക്കുകയായിരുന്നു.
അപകടം നടന്നയുടനെ സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. പിന്നീട് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികള്‍ കണ്ടത്. പരിക്കേറ്റ ആറ് പേരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും സ്വിഫ്റ്റ് കാറിലുണ്ടായിരുന്നവരെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം