കോഴിക്കോട്: വാണിമേലില്‍ തലാഖ് ചൊല്ലിയതിനെതിരെ കുട്ടികളുമായി ഭര്‍ത്താവിന്‍റെ വീടിന് മുന്നില്‍ നടത്തിയ സമരം യുവതി അവസാനിപ്പിച്ചു. നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പ് കിട്ടിയതോടെയാണ് യുവതി സമരത്തില്‍ നിന്ന് പിന്‍മാറിയത്.

ഒമ്പത് ദിവസമായി നടത്തിയ സമരമാണ് യുവതി ഇന്ന് പുലര്‍ച്ചെ അവസാനിപ്പിച്ചത്. ജുവൈരിയയുടേയും ഭര്‍ത്താവ് സമീറിന്‍റേയും മഹല്ലുകള്‍ ഇടപെട്ടാണ് പ്രശ്നം ഒത്തു തീര്‍ക്കുകയായിരുന്നു. നഷ്ടപരിഹാരം നല്‍കാമെന്നും കുട്ടികളുടെ വിവാഹം, പഠനം, ചികിത്സ എന്നിവയുടെ ചെലവ് വഹിക്കാമെന്നും സമീര്‍ ഉറപ്പ് നല്‍കിയതിനാലാണ്.

ഇരു മഹല്ലുകളുടേയും സാന്നിദ്ധ്യത്തില്‍ ഇതു സംമ്പന്ധിച്ച കരാറുണ്ടാക്കി. എന്നാല്‍ മുത്തലാഖ് നിരോധന നിയമ പ്രകാരം സമീറിനെതിരെ ചുമത്തിയ കേസ് തുടരും.ത്വലാക്ക് ചൊല്ലി സമീർ മറ്റൊരു വിവാഹം കഴിക്കുകയും ജുവൈരിയയെയുംകുട്ടികളെയും വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്തതെന്നായിരുന്നു പരാതി. 

ഇതേ തുടര്‍ന്നാണ് ജുവൈരിയ സമീറിന്‍റെ വാണിമേലിലെ വീടിന് മുന്നില്‍ കുട്ടികളുമായി സമരമിരുന്നത്. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് വളയം പൊലീസ് സമീറിനെതിരെ 2019 ലെ മുത്തലാഖ് നിരോധന നിയമ പ്രകാരം കേസെടുത്തു. വനിതാ കമ്മീഷനും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.