'അവരും ഏങ്കള്‍ക്ക് സ്വന്തം മാതിരി'; ആക്രി വിറ്റ് 26,000 രൂപ വയനാട് ദുരന്തബാധിതകര്‍ക്കായി കൈമാറി തമിഴ് കുടുംബം
തങ്ങള്‍ക്ക് ജീവിതം തന്ന നാട്ടിലെ സഹോദരങ്ങള്‍ക്ക് വലിയ ദുരന്തം നേരിടേണ്ടി വന്ന കാഴ്ച വാര്‍ത്തകളിലൂടെ കണ്ടത് വലിയ വിഷമം ഉണ്ടാക്കിയതായി ചന്ദ്രന്‍ പറഞ്ഞു.
കോഴിക്കോട്: ഒരു മഹാദുരന്തത്തിന് മുന്‍പില്‍ തങ്ങള്‍ക്ക് ഭാഷയുടെയോ ദേശത്തിന്റെയോ അതിര്‍വരമ്പുകളില്ലെന്ന് ഹൃദയം നിറഞ്ഞ നന്‍മയിലൂടെ തെളിയിക്കുകയാണ് ഒരു തമിഴ് കുടുംബം. 25 വര്‍ഷത്തിലേറെയായി താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ആക്രി പെറുക്കി ജീവിക്കുന്ന തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശികളായ ആറ് പേരാണ് തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് 26000 രൂപ വയനാട് ദുരന്തബാധിതര്‍ക്ക് സഹായഹസ്തമേകാനായി കൈമാറിയത്. മുഖ്യമന്ത്രിടെ ദുിതാശ്വാസ നിധിയിലേക്ക് കൈമാറാനായി തമിഴ് കുടുംബം പണം താമരശ്ശേരി താലൂക്ക് ഓഫീസില്‍ എത്തി തഹസില്‍ദാര്‍ എം.പി സിന്ധുവിന് കൈമാറി.
അമ്പായത്തോട് മിച്ചഭൂമിയില്‍ താമസിക്കുന്ന ചന്ദ്രന്‍, രാജേഷ്, മധുവീരന്‍, സൂര്യന്‍, തുവ്വക്കുന്ന് താമസിക്കുന്ന ജഗന്നാഥന്‍, പേരാമ്പ്ര കൈതക്കലില്‍ താമസിക്കുന്ന മണികണ്ഠന്‍ എന്നിവരാണ് ഈ നന്‍മനിറഞ്ഞ മനസ്സിന്റെ ഉടമകള്‍. ഇവരെല്ലാവരും ബന്ധുക്കളും, തമിഴ്നാട്ടിലെ തഞ്ചാവൂര്‍ സ്വദേശികളുമാണ്. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ജില്ലയുടെ വിവിധയിടങ്ങളില്‍ താമസിച്ചു വരികയാണ്. തങ്ങള്‍ക്ക് ജീവിതം തന്ന നാട്ടിലെ സഹോദരങ്ങള്‍ക്ക് വലിയ ദുരന്തം നേരിടേണ്ടി വന്ന കാഴ്ച വാര്‍ത്തകളിലൂടെ കണ്ടത് വലിയ വിഷമം ഉണ്ടാക്കിയതായി ചന്ദ്രന്‍ പറഞ്ഞു.
സഹായം വളരെ ചെറുതാണെന്ന് അറിയാമെങ്കിലും അതെങ്കിലും ചെയ്യണമെന്ന് ഭാര്യയും കുട്ടികളും ഉള്‍പ്പെടെ പറഞ്ഞിരുന്നു. ഇനിയും കഴിയുന്ന സഹായങ്ങള്‍ തീര്‍ച്ചയായും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്പായത്തോട് മിച്ചഭൂമിയില്‍ സ്ഥലം ലഭിച്ചതിനെ തുടര്‍ന്ന് ചന്ദ്രനും കുടുംബവും അവിടെ കുടില്‍ കെട്ടി താമസിച്ചു വരികയാണ്. ദിവസവും ഓരോ പ്രദേശങ്ങളില്‍ ചെന്ന് ഓട്ടോ വാടകയ്ക്ക് എടുത്ത് ശേഖരിക്കുന്ന ആക്രി സാധനങ്ങള്‍ വിറ്റ് ലഭിക്കുന്ന വരുമാനമാണ് ഇവരുടെ ജീവനോപാധി. ഈ സമ്പാദ്യത്തില്‍ നിന്നാണ് ഒരു വിഹിതം അവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
Read More : തലസ്ഥാനത്തെ പ്രധാന ഏജന്‍റിന്‍റെ സഹായികൾ, രണ്ട് പേരെ പൊക്കി പൊലീസ്; കിട്ടിയത് 200 ഗ്രാം എംഡഎംഎ, അന്വേഷണം