കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ തമിഴ്നാട് സ്വദേശി കഞ്ചാവ് സംഘത്തിന്‍റെ കുത്തേറ്റ് മരിച്ചു. ചോറ്റാനിക്കരക്ക് സമീപം വെണ്ണികുളത്താണ് സംഭവം. കന്യാകുമാരി സ്വദേശി ദിനേശ് ദിവാകരനാണ് മരിച്ചത്.

മരപ്പണിക്കാരനായ ദിനേശ് നാല് മാസമായി വെണ്ണികുളം സ്ക്കൂളിന് സമീപത്തുള്ള ഈ കെട്ടിടത്തിൽ വാടക്ക് താമസിക്കുകയായിരുന്നു.  ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ഒരാൾ വഴിയരുകിൽ കുത്തേറ്റ് കിടക്കുന്നതായി ചോറ്റാനിക്കര പൊലീസിന് ഫോൺ സന്ദേശം ലഭിച്ചു. പൊലീസെത്തി ദിനേശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈയ്യിലും തുടയിലുമാണ് കുത്തേറ്റത്. തുടയിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. രാത്രി പതിനൊന്ന് മണിയോടെ സംഭവം നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. അർദ്ധരാത്രി ലഹരി മരുന്ന് കേസുകളിൽ പ്രതികളായ മൂന്നംഗ സംഘവുമായി ദിനേശ് വാക്കേറ്റത്തിലേർപ്പെട്ടിരുന്നതായാണ് വിവരം. ഇതേത്തുടർന്ന് സംഘത്തിലുള്ളവരുടെ കുത്തേറ്റാണ് ദിനേശ് മരിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

ലഹരി ഉപയോഗിച്ച് മൂന്നംഗ സംഘം സമീപ വാസികളിൽ ചിലരോട് അപമര്യാദയായി പെരുമാറിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എറണാകുളം റൂറൽ എസ്പി കെ കാർത്തിക് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.