തമിഴ്‌നാട്ടിലെ ഈറോഡ് സെങ്കുന്താര്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് രണ്ടു ലക്ഷം രൂപയുടെ സഹായവുമായി കുറ്റ്യാടിയിലെത്തിയത്

കോഴിക്കോട്: പ്രളയ ദുരന്തത്തില്‍ കേരളത്തിന് കൈത്താങ്ങുമായി തമിഴ്നാട്ടില്‍നിന്നുള്ള മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ സഹായവും. തമിഴ്‌നാട്ടിലെ ഈറോഡ് സെങ്കുന്താര്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് രണ്ടു ലക്ഷം രൂപയുടെ സഹായവുമായി കുറ്റ്യാടിയിലെ വിഭവസമാഹരണ കേന്ദ്രത്തിലെത്തിയത്. മൂന്ന് കോളേജുകള്‍ നടത്തുന്ന സെങ്കുന്താര്‍ കോളേജ് ട്രസ്റ്റാണ് സംസ്ഥാനത്തിന് രണ്ടു ലക്ഷം രൂപയുടെ സഹായം നല്‍കിയത്. 

കോളേജിന്റെ സഹായവുമായി മെഡിക്കല്‍ ഇലക്ട്രോണിക്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥികളായ അരൂര്‍ സ്വദേശിനി അപര്‍ണ, എടച്ചേരി സ്വദേശിനി നുസൈറ, പുറമേരി സ്വദേശിനി ദേവിക എന്നിവരാണ് കുറ്റ്യാടിയിലെ വിഭവസമാഹരണ കേന്ദ്രത്തിലെത്തിയത്. ദുരിതത്തിലായ കേരളത്തെ സഹായിക്കാനായി മലയാളി വിദ്യാര്‍ഥികള്‍ കോളേജ് മാനേജ്‌മെന്റിന് അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മാനേജ്‌മെന്റ് തുക അനുവദിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ർ

കുറ്റ്യാടിയില്‍ വിഭവസമാഹരണം നടക്കുന്നതറിഞ്ഞ് തുക കൈമാറാനായി ചൊവ്വാഴ്ച രാവിലെയാണ് വിദ്യാര്‍ഥികള്‍ ഈറോഡില്‍ നിന്ന് നാട്ടിലെത്തിയത്. കുറ്റ്യാടിയിലെ കേന്ദ്രത്തില്‍ തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനും ഗതാഗത വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രനും വിദ്യാര്‍ഥികളില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി.