നികുതികൾ വർധിപ്പിക്കാതെ സംസ്ഥാനത്തെ സാമ്പത്തിക ക്രയവിക്രയങ്ങൾ വർധിപ്പിച്ചും കൃത്യമായ നികുതി പിരിവ് നടത്തിയുമാണ് സംസ്ഥാനത്തിൻ്റെ നികുതി വരുമാനം വർധിപ്പിച്ചതെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ തനത് വരുമാനം ഒരു ട്രില്യൺ രൂപയിലേയ്ക്കെത്തുകയാണെന്നും എന്നാൽ അത് സംസ്ഥാന സർക്കാർ നികുതികൾ വർധിപ്പിച്ചുകൊണ്ടല്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരള ഫിനാൻഷ്യൽ കോർപറേഷൻ ഓഫീസേഴ്സ് അസോസിയേഷൻ (കെ എഫ് സിഓഎ)സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
സംസ്ഥാനത്തിന് നികുതി വർധിപ്പിക്കാൻ കഴിയുന്നത് ഇന്ധനത്തിനും മദ്യത്തിനും മാത്രമാണെന്നും ബാക്കിയെല്ലാ നികുതികളും ജി എസ്ടി എന്ന നിലയിൽ കേന്ദ്രസർക്കാരിൻ്റെ നിയന്ത്രണത്തിലാണെന്നും ധനമന്ത്രി പറഞ്ഞു. അതിൽ ഇന്ധനത്തിന് ഒരു രൂപ സെസ് മാത്രമാണേർപ്പെടുത്തിയത്. അതിന് ശേഷം കർണാടകവും തമിഴ്‌നാടുമെല്ലാം പലതവണ ഇന്ധനവില വർധിപ്പിച്ചു. കഴിഞ്ഞ നാലുവർഷമായി സംസ്ഥാനത്ത് മദ്യത്തിന് നികുതി വർധിപ്പിച്ചിട്ടില്ല. മദ്യത്തിൻ്റെ വിലവർധിപ്പിക്കുന്നത് മയക്കുമരുന്നിൻ്റെ ഉപയോഗം കൂടുന്നതിന് കാരണമാകുമെന്ന വാദങ്ങൾ എക്സൈസ് ഉൾപ്പടെ പറയുന്നതുകൊണ്ടാണിത്. നികുതികൾ വർധിപ്പിക്കാതെ സംസ്ഥാനത്തെ സാമ്പത്തിക ക്രയവിക്രയങ്ങൾ വർധിപ്പിച്ചും കൃത്യമായ നികുതി പിരിവ് നടത്തിയുമാണ് സംസ്ഥാനത്തിൻ്റെ നികുതി വരുമാനം വർധിപ്പിച്ചതെന്ന് ധനമന്ത്രി പറഞ്ഞു.
കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി സംസ്ഥാനത്ത് എൺപതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ധനകാര്യമന്ത്രി കൂട്ടിച്ചേർത്തു. കെ എഫ് സിയുടെ മൊത്തം ബിസിനസ് ഈ സർക്കാരിന്റെ കാലത്ത് ഇരട്ടിയായി. 1953ൽ രൂപീകരിക്കപ്പെട്ട കോർപറേഷനിലേയ്ക്ക് ഇത്രയുംകാലം കൊണ്ട് സർക്കാർ നിക്ഷേപിച്ച മൂലധനം ഏതാണ്ട് 900 കോടി രൂപയാണ്. അതിൽ 500 കോടി രൂപയും ഈ സർക്കാരിന്റെ കാലത്താണെന്നതിൽ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡി കെ മുരളി എംഎൽഎ ഉദ്ഘാടന സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് സമ്മേളനം സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് ( എം ഡി, കെ എഫ് സി) പ്രേംനാഥ് രവീന്ദ്രനാഥ് ( ഇഡി, കെ എഫ് സി), ക്ലൈനസ് റൊസാരിയോ ( കെ എഫ് സി എമ്പ്ലോയീസ് അസോസിയേഷൻ) എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചു.


