നിയന്ത്രണം വിട്ട കാർ ഇടിച്ച് റോഡരികിൽ നിന്നിരുന്ന അധ്യാപകന് ദാരുണാന്ത്യം
റോഡ് അരികിൽ നിൽക്കുകയായിരുന്ന രാജുവിന്റെ ദേഹത്തേക്ക് കാർ ഇടിച്ചു കേറുകയായിരുന്നു.

കോഴിക്കോട്: ദേശീയപാത 766 ൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് അധ്യാപകന് ദാരുണാന്ത്യം. പതിമംഗലം അവ്വാ തോട്ടത്തിൽ രാജു (47) ആണ് മരിച്ചത്. കുന്ദമംഗലം പതിമംഗലത്ത് ഇന്ന് രാവിലെയാണ് അപകടം. എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. റോഡ് അരികിൽ നിൽക്കുകയായിരുന്ന രാജുവിന്റെ ദേഹത്തേക്ക് കാർ ഇടിച്ചു കേറുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപോയതാകും അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡിൻ്റെ എതിർ ദിശയിലേക്ക് വന്ന കാർ ഒരു ബൈക്കിൽ ഇടിക്കുകയും ചെയ്തു. രാജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫറോക്ക് നല്ലൂർ നാരായണ സ്കൂളിലെ അധ്യാപകനാണ് രാജു. ഭാര്യ: ജിഷ (കോഴിക്കോട് പാസ്പോർട്ട് ഓഫീസ് ) മക്കൾ: അനുവിന്ദ്, അഭിനവ്.