Asianet News MalayalamAsianet News Malayalam

അധ്യാപകന്‍ ആത്മഹത്യ ചെയ്യാന്‍ ജലാശയത്തില്‍ ചാടി; പിന്നെ നീന്തിക്കയറി, വീണ്ടും ചാടി ആത്മഹത്യ ചെയ്തു

ആദ്യം ജലാശയത്തില്‍ ചാടിയെങ്കിലും പിന്നീട് ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ കരയ്ക്ക് കയറി. എന്നാല്‍, തൊട്ട് പിന്നാലെ ഇയാള്‍ വീണ്ടും ചാടുകയായിരുന്നു. 

Teacher jumps into water to commit suicide
Author
First Published Nov 8, 2022, 4:52 PM IST

മൂന്നാര്‍:  ആത്മഹത്യയ്ക്ക് തയ്യാറെടുത്ത് ജലാശയത്തില്‍ ചാടി. എന്നാല്‍, പിന്നീട് അതുവഴി പോയ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ നീന്തിക്കയറി. പിന്നെ വീണ്ടും ചാടി ആത്മഹത്യ ചെയ്തു. മൂന്നാർ ചൊക്കനാട് സൗത്ത് ഡിവിഷനിൽ ഗണേഷൻ (50) നാണ് ഇന്ന് ഉച്ചയോടെ ഹെഡ് വർക്സ് ജലാശയത്തിൽ ചാടി ആത്മഹത്യ ചെയ്തത്. ചൊക്കനാട് സൗത്ത് എഎൽപിഎസ് സ്കൂളിലെ അധ്യാപകനാണ് ഗണേഷൻ. 

ഉച്ചയോടെ സ്കുളിൽ നിന്നും ബൈക്കിലെത്തിയ ഇയാൾ ജലാശയത്തിന് സമീപത്തെ തിട്ടയിൽ വാഹനം നിർത്തിയ ശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. പിന്നീട് നീന്തി കരയ്ക്ക് കയറാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേ സമയം അതുവഴി പോവുകയായിരുന്ന ഒരു ഓട്ടോ ഡ്രൈവര്‍ രമേശന്‍ ജലാശയത്തിലൂടെ ആരോ നീന്തിവരുന്നത് കണ്ട് ഓട്ടോ നിര്‍ത്തി. തുടര്‍ന്ന് ഇയാളുടെ സഹായത്തോടെ ഗണേഷന്‍ കരയ്ക്ക് കയറി. 

എന്നാല്‍, കരയ്ക്ക് കയറിയെങ്കിലും ഉടന്‍തന്നെ ഗണേശന്‍ വീണ്ടും ജലാശയത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ വിളിച്ച് പറഞ്ഞതനുസരിച്ച് പൊലീസും അഗ്നിശമന സേനയുമെത്തി ഗണേശനെ കരയ്ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇയാളുടെ അമ്മ മുത്തുമാരി ജലാശയത്തിൽ വീണെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭാര്യ ജ്യോതി . മക്കൾ: ലോഗേശ്വരൻ , അക്ഷശ്രീ.


കാമുകൻ നല്‍കിയ ശീതളപാനീയം കുടിച്ച് അവശയായ വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരം: കാമുകൻ നൽകിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി മരിച്ചു. സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിച്ചു. കേരള തമിഴ്‌നാട് അതിർത്തിയ്ക്ക് സമീപം തമിഴ്നാടിലെ കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടിൽ സി.അഭിത(19)യാണ് ശനിയാഴ്ച രാത്രി മരിച്ചത്. സംഭവത്തിൽ സുഹൃത്തായ യുവാവിനെതിരെ അഭിതയുടെ അമ്മ തങ്കഭായി നിദ്രവിള പൊലീസിന് പരാതി നൽകി. ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നും എന്നാല്‍, വിവാഹ വാഗ്ദാനം നൽകിയ യുവാവ് പിന്നീട് ഇതിൽ നിന്ന് പിൻമാറിയതിന് പിന്നാലെ അഭിതയെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. അഭിതയും യുവാവുമായി കൂടിക്കാഴ്ച നടത്തിയതിന് അടുത്ത ദിവസം മുതലാണ് യുവതിയ്ക്ക് വയറുവേദന തുടങ്ങിയത്. ഇരുവരും കണ്ടുമുട്ടിയപ്പോള്‍ യുവാവ് അഭിതയ്ക്ക് ശീതള പാനീയം കുടിക്കാൻ നൽകിയതായി അഭിത വീട്ടുകാരോട് പറഞ്ഞിരുന്നു. യുവാവ്, അഭിതയെ ഒഴിവാക്കാന്‍ വേണ്ടി മനപൂര്‍വ്വം വിഷം കലര്‍ത്തിയ ശീതളപാനീയം നല്‍കുകയായിരുന്നുവെന്നും വീട്ടുകാര്‍ ആരോപിക്കുന്നു. 

വയറ് വേദന ശക്തമായതിനെ തുടർന്ന് അഭിതയെ മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, പിന്നീട് വയറ് വേദന കൂടുകയായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ നാലാം തിയതി ആരോഗ്യനില വഷളായപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് അഭിതയെ മാറ്റിയിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുമ്പോഴാണ് അഭിത മരണത്തിന് കീഴടങ്ങിയത്. അഭിതയുടെ കരളിന്‍റെ പ്രവർത്തനം പൂർണമായും തകരാറിൽ ആയതായാണ് മരണ കാരണം എന്ന്  ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട് നിദ്രവിള പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമെ കൂടുതൽ കര്യങ്ങൾ വ്യക്തമാകൂ എന്ന് നിദ്രവിള പൊലീസ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മേൽനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

കൂടുതല്‍ വായനയ്ക്ക്:  കടുവയെ കുടുക്കിയപ്പോള്‍ പുലിയുടെ ആക്രമണം; ഭയം മാറാതെ ഏസ്റ്റേറ്റ് മേഖല 
 

Follow Us:
Download App:
  • android
  • ios