കുറ്റ്യാടി തീക്കുനിക്ക് സമീപം പൂമുഖം സ്വദേശി ടി അഷ്റഫ് (45) ആണ്  മരിച്ചത്

കോഴിക്കോട്: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്‌കൂൾ അധ്യാപകൻ മരിച്ചു. കുറ്റ്യാടി തീക്കുനിക്ക് സമീപം പൂമുഖം സ്വദേശി ടി അഷ്റഫ് (45) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്.

വേളം കുന്നുമ്മൽ മസ്ജിദിന് സമീപം അഷ്‌റഫിന്റെ ബൈക്കിൽ ചരക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. ഓഗസ്റ്റ് 25നായിരുന്നു അപകടം. വാഹനാപകടത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. 

തൂണേരിക്ക് സമീപം കോടഞ്ചേരി എൽപി സ്കൂളിലെ അറബിക് ഭാഷാധ്യാപകനായിരുന്നു അഷ്റഫ്. സാമൂഹ്യ പ്രവർത്തകൻ കൂടിയായ അഷ്റഫ് കേരള മാപ്പിള കലാ വേദി 'ഇശൽ കൂട്ടം' കുറ്റ്യാടി യൂണിറ്റ് കൺവീനറാണ്.

ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

ഇടുക്കിയില്‍ കഴിഞ്ഞ ദിവസം ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. രാജാക്കാട് കുളത്രക്കുഴിയിലായിരുന്നു സംഭവം. വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് ആംബുലൻസിൽ സേനാപതി വട്ടപ്പാറയിലുള്ള വീട്ടിലേക്ക് വരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. 

പുലർച്ചെ 4.30 ഓടെ കുളത്രക്കുഴിയിൽ നിന്നും കയറ്റം കയറി വരുമ്പോഴുള്ള വളവിൽ നിന്നും വാഹനം നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. അന്നമ്മയെ ഉടൻ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.