എറണാകുളം എളമക്കരയിൽ 17കാരന് ക്രൂരമർദനം. ഇൻസ്റ്റഗ്രാം മെസേജിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സംഭവത്തിൽ 40കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: എറണാകുളം എളമക്കരയിൽ ഇൻസ്റ്റഗ്രാം മെസേജിനെച്ചൊല്ലി ഉണ്ടായ തർക്കത്തിൽ 17കാരന് ക്രൂരമർദനം. സുഹൃത്തുക്കളായ പ്രായപൂർത്തിയാകാത്ത കുട്ടികളും അതിലൊരാളുടെ അമ്മയും ചേർന്നാണ് 17കാരനെ മർദിച്ചത്. സംഭവത്തിൽ 40കാരിയായ അമ്മ അറസ്റ്റിലായി.
17കാരൻ്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് സുഹൃത്തുക്കൾ ചില സ്ത്രീകൾക്ക് മെസേജ് അയച്ചിരുന്നു. ഇതേച്ചൊല്ലിയാണ് തർക്കമുണ്ടായത്. തുടർന്ന് 17കാരനെ കൂട്ടുകാർ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിനിടെ, 40കാരിയും 17കാരനെ മർദിച്ചു.
മർദനമേറ്റ വിവരം 17കാരൻ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. മൂത്രത്തിലൂടെ രക്തം വന്നപ്പോഴാണ് സംഭവം വീട്ടുകാർ അറിഞ്ഞത്. മർദനത്തിൽ ഉൾപ്പെട്ട കുട്ടികൾക്കെതിരെ സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് നൽകും.














