കഴിഞ്ഞ മൂന്ന് വര്‍ഷമായി റമദാൻ വ്രതവും ഉത്സവവും ഒരുമിച്ച് എത്തിയതോടെ മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് ഉത്സവത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല
കോഴിക്കോട്: റമദാന്‍ വ്രതവും ഉത്സവവും ഒന്നിച്ചെത്തിയതോടെ കോഴിക്കോട് കാപ്പാട് താവണ്ടി ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ തുടക്കമിട്ടത് മാതൃകാപരമായ ഒത്തുചേരലിന്. ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറ ഒരുക്കിയാണ് പുണ്യമാസത്തില്‍ മാനവഐക്യത്തിന്റെ മഹാസന്ദേശവുമായി ക്ഷേത്രകമ്മിറ്റി രംഗത്തുവന്നത്.
ഉത്സവത്തിന് നാട്ടുകാരെല്ലാം ഒരുമിച്ച് കൂടുന്നതാണ് പതിവെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി റമദാനിലെ വ്രതവും ഉത്സവവും ഒരുമിച്ച് എത്തിയതോടെ മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് ഉത്സവത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കാന്‍ കഴിയാതായി. ഈ കുറവ് പരിഹരിക്കാനാണ് ഇത്തവണ നോമ്പുതുറ ക്ഷേത്രമുറ്റത്ത് വച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമീപ പ്രദേശങ്ങളിലെ മഹല്ലുകളും നാട്ടുകാരുമെല്ലാം പൂര്‍ണ പിന്തുണയുമായി രംഗത്ത് വന്നതോടെ സൗഹൃദ വിരുന്നിന് ക്ഷേത്രമുറ്റത്ത് തന്നെ പന്തല്‍ ഉയരുകയായിരുന്നു. പ്രദേശത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പരിപാടി നടന്നതെന്നും പൂര്‍ണ സന്തോഷമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
അതിനിടെ മാന്നാറിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വിശുദ്ധ റമാദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്ന വിശ്വാസികൾക്കായി പതിവ് തെറ്റിക്കാതെ ഇത്തവണയും നോമ്പുതുറ വിഭവങ്ങളുമായി മാന്നാർ ഇരമത്തൂർ ജുമാ മസ്ജിദിൽ ഗോപാലകൃഷ്ണൻ നായർ എത്തി എന്നതാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരമത്തൂർ ജുമാ മസ്ജിദിൽ 27-ാം വർഷമാണ് മാന്നാർ കുരട്ടിക്കാട് തിരുവഞ്ചേരിൽ പുണർതത്തിൽ ടിഎസ് ഗോപാലകൃഷ്ണൻ നായർ ഇഫ്താർ വിരുന്ന് ഒരുക്കുന്നത്. ആദ്യ കാലത്ത് കപ്പ വേവിച്ചതും മീൻ കറിയും ആയിരുന്നെങ്കിൽ ഇക്കുറി പഴവർഗ്ഗങ്ങളും ശീതള പാനീയങ്ങളും ബിരിയാണിയുമാണ് ഇഫ്താർ വിരുന്നിനായി ഒരുക്കിയത്. എല്ലാ വർഷവും റമദാനിലെ അവസാന പത്തിലെ ഒരു ദിവസമാണ് ഗോപാലകൃഷ്ണൻ നായർ ഇതിനായി തെരഞ്ഞെടുക്കുന്നത്. ഇത്തവണ പുണ്യം നിറഞ്ഞ റംസാനിലെ ഇരുപത്തിയൊന്നാം രാവിലായിരുന്നു ഇഫ്താർ വിരുന്ന് ഒരുക്കിയത്. ഇരമത്തൂർ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അജിത്, സെക്രട്ടറി ഷിജാർ നസീർ, വൈസ് പ്രസിഡന്റ് ഷാജി, ഖജാൻജി അബ്ദുൽ സമദ്, കമ്മിറ്റി അംഗങ്ങളായ ഷാജി ചിയംപറമ്പിൽ, നിസാം, റഹീം, സലാം തുടങ്ങിയവർ ഗോപാലകൃഷ്ണൻ നായരെ സ്വീകരിച്ചു.
