കല്പറ്റ സ്വദേശിയായ ജിഷ്ണു നമ്പൂതിരി മേപ്പയ്യൂരിലെ ഒരു ക്ഷേത്രത്തിൽ രണ്ട് മാസമായി പൂജാരിയായി ജോലി ചെയ്യുകയായിരുന്നു. 

കോഴിക്കോട്: കൊയിലാണ്ടിയിൽ പർദ ധരിച്ച് നടന്ന യുവാവിനെ പൊലീസ് പിടികൂടി. വയനാട് കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ഇയാളെ പൊലീസ് പിന്നീട് വിട്ടയച്ചു. കൊയിലാണ്ടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് യുവാവ് പർദയിട്ട് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് ജിഷ്ണുവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

എന്നാല്‍ ചിക്കൻ പോക്സ് വന്നതിനാലാണ് പർദ്ദ ധരിച്ചെത്തിയതെന്നാണ് ജിഷ്ണു പൊലീനോട് പറഞ്ഞത്. കുറ്റകൃത്യങ്ങൾ ഒന്നും ചെയ്യാത്തതിനാൽ ജിഷ്ണുവിനെ വിട്ടയച്ചതായി കൊയിലാണ്ടി പൊലീസ് പറഞ്ഞു. കല്പറ്റ സ്വദേശിയായ ജിഷ്ണു നമ്പൂതിരി മേപ്പയ്യൂരിലെ ഒരു ക്ഷേത്രത്തിൽ രണ്ട് മാസമായി പൂജാരിയായി ജോലി ചെയ്യുകയായിരുന്നു. 

ഏതാനു ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു സംഭവത്തില്‍ പൂജ നടത്താമെന്നു പറഞ്ഞ് സ്ത്രീയെ മയക്കുമരുന്നു കൊടുത്ത് ലൈംഗികമായി പീഡിപ്പിച്ച പൂജാരിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 2021ഏപ്രില്‍ മാസം നടന്ന പീഡനക്കേസിലെ പ്രതിയായ പൂജാരിയുടെ ജാമ്യാപേക്ഷയാണ് തൃശ്ശൂർ ജില്ല സെഷൻസ് കോടതി തള്ളിയത്. അമ്പലത്തില്‍ പൂജാരിയായ ആലപ്പുഴ ചേര്‍ത്തല സ്വദേശി കൈലാസ് ദോഷപരിഹാരത്തിനായി വീട്ടിനുള്ളില്‍ പൂജ നടത്തണമെന്ന് പറഞ്ഞാണ് സ്ത്രീയുടെ വീട്ടിലെത്തിയത്.

പൂജക്കിടയില്‍ പ്രസാദമെന്ന് തെറ്റിദ്ധരിപ്പിച്ച് ‍ പാലിലും, മഞ്ഞള്‍ വെള്ളത്തിലും മയക്കുമരുന്ന് കലര്‍ത്തിയ ശേഷം സ്ത്രീക്ക് കുടിക്കാന്‍ നല്‍കുകയായിരുന്നു. അബോധാവസ്ഥയിലായ സ്ത്രീയെ പീഡിപ്പിച്ച ഇയാള്‍ ആ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് സ്ത്രീയെ ബ്ലാക്ക് മെയിലും ചെയ്തതോടെ ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ചേലക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.