മലപ്പുറം പരപ്പനങ്ങാടിയിൽ വേഷം മാറിയെത്തിയ മോഷ്ടാവ് രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. സമീപത്തെ വീട്ടിൽ നിന്ന് മാക്സി മോഷ്ടിച്ച് ധരിച്ചാണ് ഇയാൾ എത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
മലപ്പുറം: സമീപത്തെ വീട്ടില്‍നിന്ന് നൈറ്റി മോഷ്ടിച്ച് വേഷം മാറിയെത്തിയ മോഷ്ടാവ് രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു. പരപ്പനങ്ങാടി ചെട്ടിപ്പടി റെയില്‍വേ ഗേറ്റിന് സമീപത്തെ തട്ടാന്‍കണ്ടി ശ്രീ അയ്യപ്പക്ഷേത്രത്തിലാണ് മോഷണം നടന്നത്. പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം.സമീപത്തെ വീട്ടില്‍ ഉണക്കാനിട്ടിരുന്ന വീട്ടമ്മയുടെ മാക്സിയാണ് മോഷ്ടാവ് ആദ്യം കവര്‍ന്നത്. ഇത് ധരിച്ചെത്തിയ ഇയാള്‍ മുഖം തിരിച്ചറിയാതിരിക്കാന്‍ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് മുഖം മൂടിയിരുന്നു. ക്ഷേത്രത്തിലെത്തിയ ശേഷം സി.സി.ടി.വി ക്യാമറകളില്‍നിന്ന് രക്ഷപ്പെടാനും ശ്രമിച്ചു. ഇതിനായി ഒരു ക്യാമറ മുകളിലേക്ക് തിരിച്ചു വെച്ച ശേഷമാണ് മോഷണം നടത്തിയത്.
തുടര്‍ന്ന് ക്ഷേത്രത്തിന് മുന്നിലുള്ള സ്റ്റീല്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു. രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളാണ് മോഷ്ടാവ് ലക്ഷ്യമിട്ടത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ക്ഷേത്രം ഭാരവാഹികള്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്കി. ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. സമീപത്തെ വീട്ടില്‍നിന്ന് വസ്ത്രം മോഷ്ടിച്ച് വേഷം മാറിയെത്തിയ രീതി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
