മാനന്തവാടിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന കെ ഇബ്രാഹിം എന്നയാളെ കാപ്പ നിയമപ്രകാരം വയനാട് ജില്ലയിൽ നിന്നും നാടുകടത്തി. കവർച്ചയും ലഹരിക്കടത്തും ഉൾപ്പെടെ പത്തോളം കേസുകളിൽ പ്രതിയായ ഇയാൾക്ക് ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കാൻ കഴിയില്ല.
മാനന്തവാടി: സ്ഥിരം കുറ്റവാളിയെ കാപ്പ നിയമ പ്രകാരം നാടുകടത്തി. നല്ലൂര്‍നാട്, പായോട്, കിഴക്കന്‍ ചാലില്‍ വീട്ടില്‍ കെ ഇബ്രാഹിം (60)നെയാണ് വയനാട് ജില്ലയില്‍ നിന്ന് നാട് കടത്തിയത്. ഇയാള്‍ക്കെതിരെ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ മാനന്തവാടി, വെള്ളമുണ്ട സ്റ്റേഷന്‍ പരിധികളില്‍ കവര്‍ച്ച, ലഹരിക്കടത്ത്, അബ്കാരി തുടങ്ങി പത്ത് കേസുകളുണ്ട്.
നിരന്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന ഇയാളെ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം വകുപ്പ് 15(1) (കാപ്പ) പ്രകാരമാണ് നാടുകടത്തിയത്. ഈ നടപടിപ്രകാരം ജില്ലയിലേക്ക് ആറ് മാസത്തിന് ശേഷമെ ഇയാള്‍ തിരികെ വരാനാകൂ. ഉത്തരവ് ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. വയനാട് ജില്ലാ പൊലീസ് മേധാവി എസ് ദേവമനോഹര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ മേഖല ഡിഐജി കെ. കാര്‍ത്തിക്കിന്‍റെ ഉത്തരവ് പ്രകാരമാണ് നടപടി.


