തലക്കടത്തൂരിൽ വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപയുടെ ഹാൻസ് ഉൽപ്പന്നങ്ങൾ പിടികൂടി തിരൂർ പൊലീസ്. കോയമ്പത്തൂരിൽ നിന്ന് വിൽപ്പനക്കായി എത്തിച്ച ഹാൻസുമായി പള്ളിപ്പാട്ട് തുമ്പൻ വീട്ടിൽ സമീർ എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. 

മലപ്പുറം: തലക്കടത്തൂരില്‍ വീടിനോട് ചേര്‍ന്ന ഷെഡില്‍ നിന്ന് വന്‍ ഹാന്‍സ് ശേഖരം പിടികൂടി തിരൂര്‍ പൊലീസ്. ഒന്നര ലക്ഷത്തോളം രൂപയുടെ ഹാന്‍സ് ഉല്‍പന്നങ്ങളുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പള്ളിപ്പാട്ട് തുമ്പന്‍ വീട്ടില്‍ സമീര്‍ ആണ് പിടിയിലായത്. തിരൂര്‍ സി.ഐ വിഷ്ണുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരൂര്‍ എസ്.ഐ ആര്‍.പി. സുജിത്ത്, ജുനിയര്‍ എസ്.ഐ മാരായ നിര്‍മല്‍, അനീഷ്, സിനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സുജിത്ത്, സി.പി.ഒ വിനീത് എന്നിവരടങ്ങിയ സംഘമാണ് വെള്ളിയാഴ്ച രാത്രി യുവാവിനെ പിടികൂടിയത്. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ വില്‍പനക്കായി ഒളിപ്പിച്ച നിലയിലായിരുന്നു ഹാന്‍സ്.

കോയമ്പത്തൂരില്‍ നിന്നാണ് വില്‍പനക്കായി സമീര്‍ ഹാന്‍സ് എത്തിച്ചത്. കടകള്‍ കേന്ദ്രീകരിച്ച് വില്‍ക്കാനായിരുന്നു പദ്ധതിയെന്ന് സമീര്‍ പൊലിസിനോട് പറഞ്ഞു. പരിചയക്കാര്‍ മുഖേന മൊത്ത വിതരണ സംഘങ്ങളുമായി ചങ്ങാത്തം സ്ഥാപിച്ച ശേഷമാണ് വില്‍പന ആരംഭിച്ചിട്ടുള്ളത്. ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശനമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് തിരൂര്‍ സി. ഐ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.