കാറിന്‍റെ പിൻഭാഗത്ത് ഇടിച്ച് വലതുവശത്തെ ഡിവൈഡറും മറികടന്ന വാഹനം തമിഴ്നാട് ഭാഗത്തേക്കുള്ള റോഡിലാണ് തലകീഴായി മറിഞ്ഞ് കിടന്നത്.

തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ വാഹനാപകടം. അമിതവേഗത്തിലെത്തിയ ഥാർ മറ്റൊരു കാറിനെ ഇടിച്ച് തലകീഴായി മറിഞ്ഞു. കാർ യാത്രക്കാർക്കും ഥാറിലുണ്ടായിരുന്നവർക്കും നിസാരപരുക്കേറ്റു. ഇന്ന് രാവിലെ പ്ലാമൂട്ടുകട ഭാഗത്തെ ബൈപ്പാസിലായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായെത്തിയ മാരുതി ഡിസയർ കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച ഥാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. 

കാറിന്‍റെ പിൻഭാഗത്ത് ഇടിച്ച് വലതുവശത്തെ ഡിവൈഡറും മറികടന്ന വാഹനം തമിഴ്നാട് ഭാഗത്തേക്കുള്ള റോഡിലാണ് തലകീഴായി മറിഞ്ഞ് കിടന്നത്. ഈ സമയത്ത് ഇതേ ലൈനിൽ വാഹനം കടന്നുപോകാതിരുന്നത് അപകടത്തിന്‍റെ വ്യാപ്തി കുറച്ചു. കാറിലുണ്ടായിരുന്നവർക്കും ഥാറിന്‍റെ മുൻ സീറ്റിലുണ്ടായിരുന്ന യുവാവിനും നിസാരപരുക്കുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇവരെ ആശുപത്രിയിലെത്തിച്ചു. ഥാറിൽ ഒപ്പമുണ്ടായിരുന്ന യുവാക്കൾ അപകടത്തിന് പിന്നാലെ ഓടി രക്ഷപെട്ടെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ പറയുന്നു.