വീട് കുത്തിത്തുറന്ന് 25 പവന്‍ കവര്‍ന്ന പ്രതി പിടിയില്‍. സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് മോഷ്ടിച്ച മറ്റൊരു ബൈക്കുമായി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.

കോഴിക്കോട്: പറമ്പില്‍ ബസാറില്‍ വീട് കുത്തി തുറന്ന് 25 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. പന്തീരങ്കാവ് പാറക്കുളം സ്വദേശി അഖില്‍ ആണ് പിടിയിലായത്. മല്ലിശ്ശേരി താഴം മധുവിന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ കക്കോടിയില്‍ മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് മോഷ്ടിച്ച മറ്റൊരു ബൈക്കുമായി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് മധുവിന്റെ വീട്ടില്‍ മോഷണം നടന്നത്. വീട്ടുകാര്‍ സ്ഥലത്തില്ലെന്ന് മനസ്സിലാക്കിയ അഖില്‍ രാത്രി 10 മണിയോടെ വീട്ടില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തുകയായിരുന്നു. ആശുപത്രി ആവശ്യത്തിന് പോയ മധുവിന്റെ കുടുംബാംഗങ്ങള്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. വീടിന് സമീപത്തെ ഇടവഴിയിലൂടെ ഒരാള്‍ നടന്നു പോകുന്നതും വീട്ടുവളപ്പിലേക്ക് പ്രവേശിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 

ടെറസിലൂടെ കയറി മുകള്‍ഭാഗത്തെ വാതില്‍ തുറന്ന് അകത്തു കയറിയാണ് പ്രതി മോഷണം നടത്തിയത്. 14 സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് എസിപി ഉമേഷ് അറിയിച്ചു. കക്കോടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ അഖിലിന്റെ സ്‌കൂട്ടറില്‍ വ്യാജ നമ്പര്‍ പ്ലേറ്റാണ് ഉണ്ടായിരുന്നത്.