12 വർഷത്തിലധികമായി ഓരോ ഓഫീസിലും ജോലി ചെയ്യുന്നവരാണ് ഉദ്യോസ്ഥരുടെ കടുംപിടിത്തം മൂലം സ്വന്തം നാടുകളിലേക്ക് ഉൾപ്പെടെ ലഭിച്ച സ്ഥലമാറ്റ ഉത്തവ് പ്രകാരം വിടുതൽ ലഭിക്കാതെ ദുരിതത്തിലായത്

ഇടുക്കി:ഡി.എഫ്.ഒയുടെ അന്ത്യശാസനമുണ്ടായിട്ടും നാലു മാസം മുൻപ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് (ബി.എഫ്) വിടുതൽ നൽകാതെ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ. മാസങ്ങൾക്ക് മുൻപ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച മൂന്നാർ വനം ഡിവിഷനു കീഴിലുളള ബിഎഫ്ഒമാർക്ക് വിടുതൽ നൽകാത്തത് സംബന്ധിച്ച് വാർത്ത വന്നിരുന്നു. ഇതേ തുടർന്നാണ് പത്തു ദിവസം മുൻപ് മൂന്നാർ ഡി.എഫ്.ഒ രമേഷ് ബിഷ്ണോയി സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും ഒരാഴ്ചയ്ക്കുള്ളിൽ വിടുതൽ നൽകി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് അന്ത്യശാസന കത്ത് നൽകിയത്. 

എന്നാൽ, നിര്‍ദേശം വന്ന് പത്തു ദിവസം കഴിഞ്ഞിട്ടും 30ലധികം ബിഎഫ്ഒമാർക്ക് വിടുതൽ നൽകാൻ മേലുദ്യോഗസ്ഥർ തയാറായില്ല. ഡിഎഫ്.ഒയുടെ അന്ത്യശാസനം കത്ത് നിരസിക്കുകയായിരുന്നു. 12 വർഷത്തിലധികമായി ഓരോ ഓഫീസിലും ജോലി ചെയ്യുന്നവരാണ് ഉദ്യോസ്ഥരുടെ കടുംപിടിത്തം മൂലം സ്വന്തം നാടുകളിലേക്ക് ഉൾപ്പെടെ ലഭിച്ച സ്ഥലമാറ്റ ഉത്തവ് പ്രകാരം വിടുതൽ ലഭിക്കാതെ ദുരിതത്തിലായത്. എന്നാൽ, മറ്റു ജില്ലകളിൽ നിന്നും ഇടുക്കിയിലെ വിവിധ റേയ്ഞ്ചുകളിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥർ വന്നു ചുമതലയേൽക്കാൻ തയാറാകാത്തതാണ് നിലവിൽ ജില്ലയിൽ നിന്നു സ്ഥലം മാറ്റം ലഭിച്ചവർക്കു വിടുതൽ നൽകാൻ കഴിയാത്തതിന് പിന്നിലെന്നു മുതിർന്ന വനകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

കഴിഞ്ഞ ജൂൺ 17നാണു വിവിധ ജില്ലകളിലെ ബിഎഫ്ഒമാരുടെ സ്ഥലമാറ്റ ഉത്തരവിറങ്ങിയത്. സ്ഥാനക്കയറ്റത്തോടെ സ്ഥലമാറ്റം ലഭിച്ചവർക്കു വിടുതൽ ലഭിച്ചെങ്കിലും 30ലധികം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് വിടുതൽ ലഭിച്ചില്ല. ഇതിനെതിരെ ഇവർ നൽകിയ പരാതിയെ തുടർന്ന് അഡീഷനൽ പ്രിൻസിപ്പൽ ഓഫ് ഫോറസ്റ്റ് കൺസർവേറ്റർ ആഗസ്റ്റ് 4ന് ഇവരുടെ സ്ഥലമാറ്റ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നെങ്കിലും ഈ ഉത്തരവും നടപ്പായില്ല.