മൂകനും ബധിരനുമായ 65 വയസ്സുകാരന്‍റെ 30 സെന്‍റിലെ കുരുമുളക് കൃഷി പ്രളയത്തില്‍ നശിച്ചു. 600 മൂട് കുരുമുളകാണ് പ്രളയത്തില്‍ നശിച്ചത്. കൃഷിക്കാരനായ പിതാവ് മുഹമ്മദ് കുഞ്ഞിന്‍റെ മരണശേഷം 20-ാം വയസ്സിലാണ് അബ്ദുള്‍ മജീദ് കൃഷിയിലേക്കിറങ്ങിയത്. 

കായംകുളം: മൂകനും ബധിരനുമായ 65 വയസ്സുകാരന്‍റെ 30 സെന്‍റിലെ കുരുമുളക് കൃഷി പ്രളയത്തില്‍ നശിച്ചു. 600 മൂട് കുരുമുളകാണ് പ്രളയത്തില്‍ നശിച്ചത്. കൃഷിക്കാരനായ പിതാവ് മുഹമ്മദ് കുഞ്ഞിന്‍റെ മരണശേഷം 20-ാം വയസ്സിലാണ് അബ്ദുള്‍ മജീദ് കൃഷിയിലേക്കിറങ്ങിയത്. ആദ്യം ചേമ്പും മരച്ചീനിയുമായിരുന്നു കൃഷി. പിന്നീട് കുരുമുളക് കൃഷിയില്‍ മാത്രമായി ശ്രദ്ധ. കഴിഞ്ഞ 30 വര്‍ഷമായി കുരുമുളക് കൃഷിയാണ് അബ്ദുള്‍ മജീദിന്‍റെ ആശ്രയം. 

പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയതിനാല്‍ ഹൃദ്രോഗിയായ അബ്ദുല്‍ മജീദും കുടുംബവും ചുനാട്ടുള്ള ബന്ധുവീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം പുരയിടത്തില്‍ നിന്നും വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് തിരിച്ചെത്തിയപ്പോഴാണ് കുരുമുളക് മൂടുകള്‍ പൂര്‍ണ്ണമായും ചീഞ്ഞ് ഉണങ്ങിയ നിലയില്‍ കണ്ടത്. 

കുരുമുളക് കതിര്‍പ്പ് പിടിച്ച് ഇടപരുവമായ സമയത്താണ് നശിച്ചത്. ഹൃദ്രോഗിയായ ഇദ്ദേഹം പൊന്ന് പോലെ നോക്കിയ കുരുമുളക് നശിച്ചത് കണ്ട് തളര്‍ന്ന് വീണു. കുരുമുളക് കൃഷിയില്‍ നിന്ന് കിട്ടുന്ന വരുമാനമായിരുന്നു കുടുംബത്തിന്‍റെ ഏക വരുമാനം. കുരുമുളക് കൃഷി നശിച്ചത് മുതല്‍ കടുത്ത മാനസിക പ്രയാസത്തിലാണ് ഇദ്ദേഹം. അബ്ദുള്‍ മജീദിന്‍റെ വീടും വെള്ളം കയറി തകര്‍ന്ന അവസ്ഥയിലാണ്.