പേമാരിയില്‍ സംസ്ഥാനമാകെ വിറങ്ങലിച്ച് നില്‍ക്കെ വയനാടിന് ഇരുട്ടടിയായി ഇന്ധനക്ഷാമവും. വെള്ളപൊക്കവും മണ്ണിടിച്ചിലും കാരണം ചെറിയ നഗരങ്ങളോട് ചേര്‍ന്ന് കിടക്കുന്ന പമ്പുകളാകട്ടെ ഇതിനോടകം തന്നെ അടച്ചു.  പ്രളയം എറണാകുളത്തെയും കോഴിക്കോടിനെയും ബാധിച്ചതോടെയാണ് പമ്പുകളിലെ തിരക്ക് വര്‍ധിച്ചത്. രാവിലെ മുതല്‍ തന്നെ വലിയ വാഹനങ്ങളിലെല്ലാം ഇന്ധനം നിറക്കാനായി തിരക്കുണ്ടായിരുന്നുവെന്ന് ചില പമ്പ് ജീവനക്കാര്‍ പറഞ്ഞു. 

കല്‍പ്പറ്റ: പേമാരിയില്‍ സംസ്ഥാനമാകെ വിറങ്ങലിച്ച് നില്‍ക്കെ വയനാടിന് ഇരുട്ടടിയായി ഇന്ധനക്ഷാമവും. വെള്ളപൊക്കവും മണ്ണിടിച്ചിലും കാരണം ചെറിയ നഗരങ്ങളോട് ചേര്‍ന്ന് കിടക്കുന്ന പമ്പുകളാകട്ടെ ഇതിനോടകം തന്നെ അടച്ചു. പ്രളയം എറണാകുളത്തെയും കോഴിക്കോടിനെയും ബാധിച്ചതോടെയാണ് പമ്പുകളിലെ തിരക്ക് വര്‍ധിച്ചത്. രാവിലെ മുതല്‍ തന്നെ വലിയ വാഹനങ്ങളിലെല്ലാം ഇന്ധനം നിറക്കാനായി തിരക്കുണ്ടായിരുന്നുവെന്ന് ചില പമ്പ് ജീവനക്കാര്‍ പറഞ്ഞു. 

സുല്‍ത്താന്‍ ബത്തേരിയില്‍ നഗരത്തിനുള്ളിലും പുറത്തുമായി നാല് പമ്പുകളാണുള്ളത്. ഇവയില്‍ പെട്രോളാണ് ആദ്യം തീര്‍ന്നത്. വൈകുന്നേരം അഞ്ച് മണിയോടെ ഡീസലും തീര്‍ന്നതിനാല്‍ അടക്കുകയായിരുന്നു. കല്‍പ്പറ്റയിലെ പമ്പുകളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. കാറുകളടക്കമുള്ള വാഹനങ്ങളുടെ നീണ്ട നിരയാണ് പമ്പുകള്‍ക്ക് സമീപം. പനമരം ടൗണിലെ തിരക്കുള്ള പമ്പുകളില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള വാഹനങ്ങള്‍ക്ക് മുന്‍ഗണ നല്‍കിയിരുന്നു. 

വാഹനങ്ങളിലടിച്ച ശേഷം ക്യാനുകളില്‍ വാങ്ങുന്നതിനെ ചൊല്ലി ചിലയിടത്ത് പ്രശ്‌നമുണ്ടായി. നിയന്ത്രിക്കാന്‍ പോലീസില്ല എന്നത് പമ്പ് ജീവനക്കാരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ചുരങ്ങളില്‍ നിരന്തരം മണ്ണിടിച്ചില്‍ ഉണ്ട്. ഇത് കണക്കിലെടുത്ത് പമ്പുടമകള്‍ കൂടുതല്‍ ഇന്ധനം സ്റ്റോക് ചെയ്തിരുന്നു. എന്നാല്‍ കോഴിക്കോടും എറണാകുളത്തും വെള്ളം പൊങ്ങിയതോടെ അടുത്ത ദിവസങ്ങളില്‍ എണ്ണ ലഭിക്കില്ലെന്ന് ഭീതിയാണ് തിരക്കിനും ഇന്ധനം തീരുന്നതിലേക്കും എത്തിച്ചത്. 

അതേ സമയം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ധനം കൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതേ സമയം ജില്ലയില്‍ ഇന്ധനക്ഷാമമുണ്ടാകില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ആവശ്യത്തിനുള്ള ഇന്ധനവുമായി ടാങ്കറുകള്‍ കോഴിക്കോട് ജില്ലയില്‍ സജ്ജമാണെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നുമാണ് അധികൃതര്‍ പറയുന്നത്.